വിമര്‍ശനങ്ങളില്‍ പാഠം പഠിക്കാത്ത പൃഥ്വി ഷാ; അഡ്‌ലെയ്‌ഡിലും പതിവ് ആവര്‍ത്തിച്ചു- വീഡിയോ

By Web TeamFirst Published Dec 17, 2020, 10:48 AM IST
Highlights

മോശം ഫോം തുടര്‍ന്ന് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഷാ പുറത്തായി. അതും തന്‍റെ പതിവ് ദൗര്‍ബല്യം ആവര്‍ത്തിച്ച്.  

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓപ്പണര്‍ പൃഥ്വി ഷായെ ടീം ഇന്ത്യ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സമീപകാല ഫോം പരിഗണിക്കാതെ ശുഭ്‌മാന്‍ ഗില്ലിനെ മറികടന്ന് ഷായ്‌ക്ക് അന്തിമ ഇലവനില്‍ അവസരം നല്‍കുകയായിരുന്നു ഇന്ത്യ. എന്നാല്‍ മോശം ഫോം തുടര്‍ന്ന് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഷാ പുറത്തായി. അതും തന്‍റെ പതിവ് വീഴ്‌ച ആവര്‍ത്തിച്ച്.  

ഇന്നിംഗ്‌സിലെ രണ്ടാം പന്തിലാണ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഷായ്‌ക്ക് കെണിയൊരുക്കിയത്. ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്‌തില്‍ പന്തെറിഞ്ഞ് വലംകൈയനായ ഷായെ കവര്‍ഡ്രൈവ് കളിക്കാന്‍ ക്ഷണിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. എന്നാല്‍ ബാറ്റ് വെച്ച ഷാ ഇന്‍സൈഡ് എഡ്‌ജില്‍ കുരുങ്ങിയപ്പോള്‍ പന്ത് വിക്കറ്റിലേക്ക് പാഞ്ഞുകയറി. അക്കൗണ്ട് തുറക്കും മുമ്പായിരുന്നു ഈ പുറത്താകല്‍. കവര്‍ഡ്രൈവ് കളിക്കാനാവശ്യമായ ഫൂട്ട്‌വര്‍ക്കും ടൈമിംഗും ഷായ്‌ക്ക് ലഭിച്ചില്ല.  

With the second ball of the Test! | pic.twitter.com/4VA6RqpZWt

— cricket.com.au (@cricketcomau)

യുഎഇയിലെ ഐപിഎല്ലിലും പൃഥ്വി ഷായുടെ സ്ഥിരതയില്ലായ്‌മയ്‌ക്ക് പ്രധാന കാരണമായത് ഫൂട്ട്‌‌വര്‍ക്കിലെ പിഴവുകളും അനാവശ്യ ഷോട്ട് സെലക്ഷനുകളുമായിരുന്നു. സമാനമാണ് ഓസ്‌ട്രേലിയയിലും ഷായുടെ പുറത്താകലുകള്‍. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ് ഷായെ പുറത്താക്കാന്‍ ശ്രമിക്കുന്നതായിരുന്നു പരിശീലന മത്സരങ്ങളില്‍ കണ്ടത്. സിഡ്‌നിയില്‍ 40 റണ്‍സ് നേടിയ ഇന്നിംഗ്‌സിലും ഒന്നിലധികം തവണ ഔട്ട്‌സൈഡ് എഡ്‌ജില്‍ താരം രക്ഷപ്പെടുന്നത് കാണാനായിരുന്നു. 

പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ മോശം പ്രകടനമായിരുന്നു പൃഥ്വി ഷാ പുറത്തെടുത്തത്. നാല് ഇന്നിംഗ്‌സുകളില്‍ 0, 19, 40, 3 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റില്‍ യുവതാരത്തില്‍ ടീം മാനേജ്‌മെന്‍റ് വിശ്വാസമര്‍പ്പിച്ചു. എന്നാലത് മുതലാക്കാന്‍ ഷായ്‌ക്ക് കഴിയാതെ പോയി. 

പിങ്ക് പന്തില്‍ നോട്ടം പിഴച്ച് പൃഥ്വി ഷാ; അഡ്‌ലെയ്‌ഡില്‍ ഇന്ത്യക്ക് ആദ്യ തിരിച്ചടി

click me!