ഓസ്‌ട്രേലിയന്‍ മാച്ച് റഫറിക്കില്ലാത്ത പ്രശ്‌നം നാട്ടുകാര്‍ക്ക് എന്തിന്; 'കണ്‍കഷന്‍' വിവാദത്തില്‍ ഗാവസ്‌കര്‍

By Web TeamFirst Published Dec 5, 2020, 11:22 AM IST
Highlights

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറക്കിയതിനെ പിന്തുണച്ച് ഗാവസ്‌കര്‍

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി ഇറക്കിയതിനെ പിന്തുണച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. അനാവശ്യ വിവാദം തന്നെ ആശ്ചര്യപ്പെടുത്തി എന്നാണ് ഗാവസ്‌കറുടെ വാക്കുകള്‍. 

'മാച്ച് റഫറി ഓസ്‌ട്രേലിയക്കാരനാണ്, മുന്‍താരം ഡേവിഡ് ബൂണ്‍. ജഡേജയെ ചാഹല്‍ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യുന്നതില്‍ അദേഹത്തിന് പ്രശ്‌നമില്ല. ചാഹല്‍ ഓള്‍റൗണ്ടറല്ല എന്ന് നിങ്ങള്‍ക്ക് വാദിക്കാം. എന്നാല്‍ ബാറ്റ് ചെയ്ത് 1 മുതല്‍ 100 റണ്‍സ് വരെ നേടുന്ന ഏതൊരാളും ഓള്‍റൗണ്ടറാണ് എന്നാണ് എന്‍റെ വിശ്വാസം. ഓസ്‌ട്രേലിയന്‍ മാച്ച് റഫറിക്ക് പ്രശ്‌നമില്ലാത്ത ഒരു കാര്യത്തില്‍ എന്തിനാണ് ഇത്ര ബഹളമുയരുന്നത്. നിയമാനുസൃതമായാണ് കാര്യങ്ങള്‍ ചെയ്തത്. അതിനാല്‍ ജഡേജയ്‌ക്ക് പകരം ചാഹലിനെ കളിപ്പിക്കുന്നതില്‍ പ്രശ്‌നമില്ല' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

കാന്‍ബറയില്‍ നടന്ന ആദ്യ ടി20 ഇന്ത്യ ജയിച്ചപ്പോള്‍ വന്‍ വിവാദമായിരുന്നു പരിക്കേറ്റ ജഡേജയ്‌ക്ക് പകരക്കാരനായി ചാഹലിനെ ഇറക്കിയത്. മൂന്ന് വിക്കറ്റുമായി ചാഹല്‍ ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തതോടെ വിവാദം കൊഴുത്തു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ പതിച്ചാണ് ജഡേജയ്‌ക്ക് പരിക്കേറ്റത്. എന്നാല്‍ പകരക്കാരനായി ചാഹലിനെ ഇറക്കാന്‍ അനുവദിച്ച മാച്ച് റഫറി ഡേവിഡ് ബൂണുമായി ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ദീര്‍ഘനേരം തര്‍ക്കിച്ചു.

ഓള്‍റൗണ്ടറായ ജഡേജയ്‌ക്ക് പകരം സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായ ചാഹലിനെ കളിപ്പിച്ചതിനെതിരെ ഓസീസ് ഓള്‍റൗണ്ടര്‍ മോയിസ് ഹെന്‍‌റി‌ക്കസ് മത്സരശേഷം രംഗത്തെത്തുകയും ചെയ്തു. ജഡേജ ബാറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്‍കഷന്‍ എടുത്തത് എന്ന് സൂചിപ്പിച്ച ഹെന്‍‌റിക്കസ്, പകരക്കാരനെ ഇറക്കുമ്പോള്‍ സമാനതരത്തിലുള്ള താരത്തെ കളിപ്പിക്കണം എന്ന് വാദിച്ചു. എന്നാല്‍ ഐസിസിയുടെ നിയമത്തെ ചോദ്യം ചെയ്യാനില്ലെന്നും അദേഹം വ്യക്തമാക്കി. 

ഓസ്‌ട്രേലിയന്‍ ടി20 ടീമില്‍ അപ്രതീക്ഷിത മാറ്റം! സ്റ്റാര്‍ സ്‌പിന്നറെ തിരിച്ചുവിളിച്ചു, ഗ്രീന്‍ പുറത്ത്

click me!