Omicron : ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വൈകിയേക്കും, ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ- റിപ്പോര്‍ട്ട്

By Web TeamFirst Published Dec 2, 2021, 2:28 PM IST
Highlights

മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്

മുംബൈ: കൊവിഡിന്‍റെ 'ഒമിക്രോൺ' (Omicron) വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India tour of South Africa 2021-22) വൈകാന്‍ സാധ്യത. ഒരാഴ്‌ച വൈകി പരമ്പര ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് ബിസിസിഐ(BCCI) ക്രിക്കറ്റ് സൗത്താഫ്രിക്കയോട് (Cricket South Africa) ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമായ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. പരമ്പരയെ കുറിച്ച് ശനിയാഴ്‌ച കൊല്‍ക്കത്തയില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം (BCCI Annual General Meeting) വിശദമായി ചര്‍ച്ച ചെയ്യും. 

മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഡിസംബര്‍ 15നോ 16നോ മാത്രമായിരിക്കും യാത്രതിരിക്കുക എന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വരും ദിവസങ്ങളിലെ ഒമിക്രോൺ വ്യാപനത്തിന്‍റെ വ്യാപ്തി മനസിലാക്കിയ ശേഷമാകും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊള്ളുക. പരമ്പരയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ബിസിസിഐ ആശയവിനിമയം നടത്തുന്നുണ്ട്. ശനിയാഴ്‌ച കൊല്‍ക്കത്തയില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം ദക്ഷിണാഫ്രിക്കന്‍ പര്യടനം ചര്‍ച്ചയ്‌ക്കെടുക്കും. പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ താരങ്ങള്‍ കര്‍ശന ക്വാറന്‍റീന് വിധേയരാവേണ്ടിവരുമോ എന്ന ആശങ്ക ബിസിസിഐക്കുണ്ട്.  

മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. എന്നാല്‍ ഒമിക്രോൺ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയുടെ നെതര്‍ലന്‍ഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നീട്ടിവച്ചിട്ടുണ്ട്. 

അതേസമയം ഒമിക്രോൺ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 'ഇന്ത്യന്‍ ടീമിന്‍റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും ദക്ഷിണാഫ്രിക്ക കൈക്കൊള്ളും. ദക്ഷിണാഫ്രിക്ക, ഇന്ത്യ എ ടീമുകള്‍ക്ക് പുറമെ സീനിയര്‍ ടീമുകള്‍ക്കും ബയോ-ബബിള്‍ ഒരുക്കും' എന്നും ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

IND vs NZ : നാല് നാഴികക്കല്ലുകള്‍ക്കരികെ രവിചന്ദ്ര അശ്വിന്‍; പിന്നിലാവുക അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും
 


 

click me!