Asianet News MalayalamAsianet News Malayalam

IND vs NZ : നാല് നാഴികക്കല്ലുകള്‍ക്കരികെ രവിചന്ദ്ര അശ്വിന്‍; പിന്നിലാവുക അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും

കാണ്‍പൂര്‍ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയതോടെ ഈ വര്‍ഷം ടെസ്റ്റില്‍ 14 ഇന്നിംഗ്‌സില്‍ 44 വിക്കറ്റുകളാണ് ആര്‍ അശ്വിന്‍റെ സമ്പാദ്യം

India vs New Zealand 2nd Test Ravichandran Ashwin near four massive milestones
Author
Mumbai, First Published Dec 2, 2021, 11:45 AM IST

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് (India vs New Zealand 2nd Test) നാളെ മുംബൈയില്‍ (Wankhede Stadium Mumbai) തുടങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ (Ravichandran Ashwin). നാല് നാഴികക്കല്ലുകള്‍ക്ക് അരികെയാണ് ഇന്ത്യന്‍ സ്‌പിന്നര്‍. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ (Harbhajan Singh) മറികടന്ന് മൂന്നാം സ്ഥാനത്ത് അശ്വിന്‍ എത്തിയിരുന്നു. 

കാണ്‍പൂരില്‍ ആറ് വിക്കറ്റ് നേടിയതോടെ ഈ വര്‍ഷം ടെസ്റ്റില്‍ 14 ഇന്നിംഗ്‌സില്‍ 44 വിക്കറ്റുകളാണ് ആര്‍ അശ്വിന്‍റെ സമ്പാദ്യം. മുംബൈയില്‍ ആറ് വിക്കറ്റ് കൂടി നേടിയാല്‍ ടെസ്റ്റില്‍ നാലാം തവണ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അശ്വിന് 50 വിക്കറ്റുകള്‍ തികയ്‌ക്കാം. ഇതോടെ മൂന്ന് വര്‍ഷങ്ങളില്‍ 50 വിക്കറ്റ് വീതം നേടിയ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരെ അശ്വിന് മറികടക്കാം. 2015ല്‍ 62 ഉം 2016ല്‍ 72 ഉം 2017ല്‍ 56 ഉം വിക്കറ്റ് അശ്വിന്‍ വീഴ്‌ത്തിയിരുന്നു. 

എട്ട് വിക്കറ്റ് കൂടി നേടിയാല്‍ നാട്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികയ്‌ക്കുന്ന താരങ്ങളില്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പം എലൈറ്റ് പട്ടികയില്‍ അശ്വിന് ഇടംപിടിക്കാം. 350 വിക്കറ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്. എട്ട് വിക്കറ്റ് കൂടി ലഭിച്ചാല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ 14 ടെസ്റ്റുകളില്‍ 65 വിക്കറ്റ് സ്വന്തമാക്കിയ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോര്‍ഡ് അശ്വിന് ഭേദിക്കാം. അതേസമയം ഒരു വിക്കറ്റ് നേടിയാല്‍ ടെസ്റ്റില്‍ ഒരു വേദിയില്‍ കൂടുതല്‍ വിക്കറ്റ് നേടിയതില്‍ തന്‍റെ വ്യക്തിഗത റെക്കോര്‍ഡും അശ്വിന് തകര്‍ക്കാം. നാല് ടെസ്റ്റുകളില്‍ ചെന്നൈയിലും മുംബൈയിലും അശ്വിന്‍ 30 വിക്കറ്റ് വീതം പേരിലാക്കിയിട്ടുണ്ട്. 

ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഇതിഹാസ താരങ്ങളായ അനില്‍ കുംബ്ലെയും കപില്‍ ദേവും മാത്രമേ അശ്വിന് മുന്നിലുള്ളൂ. 132 ടെസ്റ്റുകളില്‍ 619 വിക്കറ്റാണ് കുബ്ലെയ്‌ക്കുള്ളതെങ്കില്‍ 131 കളികളില്‍ 434 വിക്കറ്റാണ് കപിലിന്‍റെ സമ്പാദ്യം. 103 മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റ് നേടിയ ഹർഭജൻ സിംഗിനെയാണ് കരിയറിലെ 80-ാം ടെസ്റ്റില്‍ കാണ്‍പൂരില്‍ അശ്വിന്‍ മറികടന്നത്. 

IPL Retention: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടുംകല്‍പിച്ച്; കൈവിട്ട സൂപ്പര്‍ താരത്തെ ലേലത്തില്‍ നോട്ടമിടും

Follow Us:
Download App:
  • android
  • ios