
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India Tour of South Africa 2021-22) മോശം പ്രകടനത്തില്‍ ഇന്ത്യന്‍ ടീമിനെ (Team India) പൊരിച്ച് മുന്‍താരം മദന്‍ ലാല്‍ (Madan Lal). താരങ്ങളുടെ അലസ സമീപനവും തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്തതുമാണ് തോല്‍വിക്ക് കാരണം എന്ന് അദേഹം നിരീക്ഷിക്കുന്നു. ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിനത്തില്‍ 3-0ന്‍റെ വൈറ്റ് വാഷിന് വിധേയരായിരുന്നു.
റിഷഭ് പന്തിന് വിമര്‍ശനം
'അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് പുറത്തായില്ലായിരുന്നെങ്കില്‍ മൂന്നാം ഏകദിനം അനായാസം ജയിക്കാമായിരുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ബാറ്റര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണം. സാധാരണ സമീപനം കാട്ടിയാല്‍ മത്സരങ്ങളും പരമ്പരകളും ഇതുപോലെ തോല്‍ക്കും. ആദ്യ ടെസ്റ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ച ക്രിക്കറ്റല്ല നമ്മള്‍ കളിച്ചത്. ജയിക്കേണ്ട മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വിട്ടുനല്‍കുകയായിരുന്നു.
സാധാരണ മനോഭാവത്തോടെ താരങ്ങള്‍ കളിക്കുന്നു. വിക്കറ്റ് സംരക്ഷിക്കേണ്ടതിന് പകരം അലക്ഷ്യ ഷോട്ട് കളിച്ച് റിഷഭ് പന്ത് പുറത്തായി. 100-150 റണ്‍സ് കൂട്ടുകെട്ട് കാണാനായില്ല. ടീം ഇന്ത്യ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചില്ല' എന്നും മദന്‍ ലാല്‍ കുറ്റപ്പെടുത്തി. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളിലൊന്നാണ് പൂര്‍ത്തിയായത് എന്ന വിമര്‍ശനമാണ് മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്ക്. ഇന്ത്യന്‍ തോല്‍വിയെ ആകാശ് ചോപ്രയും വിമര്‍ശിച്ചു.
ഏകദിന പരമ്പരയിലെ മൂന്ന് കളിയും തോറ്റെങ്കിലും കോച്ച് രാഹുൽ ദ്രാവിഡ് പ്രതീക്ഷ കൈവിടുന്നില്ല. 'രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയവുടെ അഭാവം തിരിച്ചടിയായി. സമ്മർദ്ദമില്ലാതെ അവസരം നൽകിയിട്ടും മധ്യനിര താരങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെ'ന്നും ദ്രാവിഡ് പറഞ്ഞു. അതേസമയം ക്യാപ്റ്റൻ കെ എൽ രാഹുലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് രാഹുല്‍ ദ്രാവിഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!