'ഒരു സംഘം ആളുകള്‍ ടെയ്‌ലറുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയും സ്പോട്‌ ഫിക്‌സിംഗിന് തയ്യാറായില്ലെങ്കില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു'

ഹരാരെ: ഒത്തുകളിക്കാരുമായി (Match-fixing) ബന്ധപ്പെട്ടതിന് ഐസിസി വിലക്ക് (ICC Ban) ലഭിക്കുമെന്ന വെളിപ്പെടുത്തലുമായി സിംബാബ്‌വെ മുന്‍ നായകന്‍ (Zimbabwe) ബ്രെണ്ടന്‍ ടെയ്‌ലര്‍ (Brendan Taylor). ഇന്ത്യന്‍ വാതുവയ്പ്പുകാരന്‍ സമീപിച്ചതിനെ കുറിച്ച് ഐസിസിയെ അറിയിക്കാന്‍ വൈകിയതിനാണ് നടപടി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ടെയ്‌ലര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 

2019 ഒക്ടോബറില്‍ സിംബാബ്‍‍വെയിൽ ട്വന്‍റി 20 മത്സരം സംഘടിപ്പിക്കാനെന്ന പേരിലാണ് ഇയാള്‍ ടെയ്‌ലറെ സമീപിച്ചത്. ഇന്ത്യയിൽ നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ ലഹരിമരുന്ന് ഇരുവരും ഉപയോഗിച്ചു. അടുത്ത ദിവസം ഒരു സംഘം ആളുകള്‍ ടെയ്‌ലറുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയും സ്പോട്‌ ഫിക്‌സിംഗിന് തയ്യാറായില്ലെങ്കില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തലേദിവസം അവര്‍ തന്ന 15000 ഡോളര്‍ ഉപയോഗിച്ച് കുടുംബത്തോടൊപ്പം ഉടനടി ഇന്ത്യ വിട്ടെന്നും നാല് മാസത്തിന് ശേഷം ഐസിസിയെ വിവരം അറിയിച്ചെന്നുമാണ് ടെയ്‌ലര്‍ പറയുന്നത്. 

ജീവിതത്തിൽ ഒരിക്കലും ഒത്തുകളിക്ക് തയ്യാറായിട്ടില്ലെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്ന പേടി കാരണമാണ് ഐസിസിയെ വിവരം അറിയിക്കാന്‍ വൈകിയതെന്നും ടെയ്‌ലര്‍ വിശദീകരിച്ചു.

Scroll to load tweet…

സിംബാബ്‌വെയുടെ ഇതിഹാസ ക്രിക്കറ്റ് താരമായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ബ്രെണ്ടന്‍ ടെയ്‌ലര്‍. 71 മത്സരങ്ങളില്‍ ടെയ്‌ലര്‍ സിംബാബ്‌വെയെ നയിച്ചിട്ടുണ്ട്. 17 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് വിരമിച്ചത്. 35കാരനായ ബ്രെണ്ടന്‍ ടെയ്‌ലര്‍ 34 ടെസ്റ്റില്‍ 2320 റണ്‍സും 205 ഏകദിനത്തില്‍ 6684 റണ്‍സും 44 രാജ്യാന്തര ടി20യില്‍ 859 റണ്‍സും നേടിയിട്ടുണ്ട്. രാജ്യാന്തര കരിയറില്‍ 17 സെഞ്ചുറികള്‍ സമ്പാദ്യം. 18-ാം വയസില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. 

Virat Kohli : കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ സംഭവം, പുതിയ നായകനാരാവണം; മനസുതുറന്ന് രവി ശാസ്‌ത്രി