
അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റന്‍ സ്കോറിലേക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാൻ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തിട്ടുണ്ട്. 71 പന്തില്‍ സെഞ്ചുറിയിലെത്തിയ സമീര്‍ മിന്‍ഹാസ് 83 പന്തിൽ 124 റണ്‍സുമായും അഹമ്മദ് ഹുസൈന്‍ 50 പന്തില്‍ 38 റണ്‍സോടെയും ക്രീസിലുണ്ട്. 18 റണ്‍സെടുത്ത ഓപ്പണര്‍ ഹംസ സഹൂറിന്‍റെയും 35 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍റെയും വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മിന്‍ഹാസും അഹമ്മദ് ഹുസൈനും ചേര്‍ന്ന് 95 പന്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് നാലാം ഓവറിലെ 14 പന്തില്‍ 18 റണ്‍സെടുത്ത ഓപ്പണര്‍ ഹംസ സഹൂറിനെ നഷ്ടമായെങ്കിലും സമീര്‍ മിന്‍ഹാസും ഉസ്മാന്‍ ഖാനും തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ പാകിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന മികച്ച നിലയിലെത്തിയിരുന്നു. 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സമീര്‍ മിന്‍ഹാസ് തകര്‍ത്തടിച്ചതോടെ പാക് സ്കോറുയര്‍ന്നു. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ദീപേഷ് ദേവേന്ദ്രനെ പാകിസ്ഥാന്‍ കടന്നാക്രമിച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.
പതിനേഴാം ഓവറില്‍ ഖിലൻ പട്ടേല്‍ ഉസ്മാന്‍ ഖാനെ(45 പന്തില്‍ 35) പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഹമ്മദ് ഹുസൈന്‍ സമീര്‍ മിന്‍ഹാസിന് മികച്ച പങ്കാളിയായതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇന്ത്യക്കായി ആറോവര്‍ പന്തെറിഞ്ഞ ദീപേഷ് ദേവേന്ദ്രന്‍ 51 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയിരുന്നു.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: ആയുഷ് മാത്രെ (ക്യാപ്റ്റൻ),വൈഭവ് സൂര്യവംശി,ആരോൺ ജോർജ്,വിഹാൻ മൽഹോത്ര,വേദാന്ത് ത്രിവേദി,അഭിഗ്യാൻ കുണ്ടു, കനിഷ്ക് ചൗഹാൻ,ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്.
പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: സമീർ മിൻഹാസ്,ഹംസ സഹൂർ,ഉസ്മാൻ ഖാൻ,അഹമ്മദ് ഹുസൈൻ,ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ),ഹുസൈഫ അഹ്‌സൻ, നിഖാബ് ഷഫീഖ്,മുഹമ്മദ് ഷയാൻ, അബ്ദുൾ സുബ്ഹാൻ, മുഹമ്മദ് സയ്യം, അലി റാസ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!