
ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ മലേഷ്യയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. മലേഷ്യ മുന്നോട്ടുവച്ച 32 റണ്‍സ് വിജയലക്ഷ്യം കേവലം 2.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഗോംഗഡി തൃഷ (12 പന്തില്‍ 27), കമാലിനി (4) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യയെ ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശര്‍മയാണ് തകര്‍ത്തത്. നാല് ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം ജോഷിതയ്ക്ക് ഒരു വിക്കറ്റുണ്ട്. വൈഷ്ണവിയാണ് മത്സരത്തിലെ താരം. രണ്ട് കൂറ്റന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പില്‍ ലങ്കയ്‌ക്കെതിരായ മത്സരമാണ് അവശേഷിക്കുന്നത്.
നേരത്തെ, മലേഷ്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കാണാന്‍ സാധിച്ചില്ല. അഞ്ച് റണ്‍സ് വീതം നേടിയ ഹുസ്‌ന, നുര്‍ ആലിയ എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. രണ്ടാം ഓവറില്‍ തന്നെ ജോഷിത അവരുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. നുനി ഫരിനിയാണ് (0) പുറത്തായത്. തുടര്‍ത്തെന്നിയ ആര്‍ക്കും ഇന്ത്യന്‍ ബൗളിംഗ് നിരയെ വെല്ലുവിളിക്കാന്‍ പോലും ആയില്ല. വാലറ്റത്തെ തകര്‍ത്ത് വൈഷ്ണവി ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. ബിന്ധി റോസ്ലന്‍ (3), ഇസ്മ ഡാനിയ (0), സിതി നസ്വ (0) എന്നിവരെ തുടര്‍ച്ചയായ മൂന്ന് പന്തുകൡ പുറത്താക്കുകയായിരുന്നു താരം. വൈഷ്ണവിയുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നിത്. 2025 ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വൈഷ്ണവി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സോനം യാദവ് പുറത്തായി.
സച്ചിനല്ല! വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരത്തെ പറഞ്ഞ് സൗരവ് ഗാംഗുലി
ടീം ഇന്ത്യ: ഗോംഗഡി തൃഷ, ജി കമാലിനി (വിക്കറ്റ് കീപ്പര്‍), സനിക ചാല്‍ക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഭാവിക അഹിരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി ജെ, ശബ്‌നം എം ഡി ഷക്കില്‍, പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ.
ആദ്യ മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. രണ്ട് വിക്കറ്റുമായി മലയാളി താരം വി ജെ ജോഷിത ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!