ചാംപ്യന്‍സ് ട്രോഫിയില്‍ കോലിയുടെ ഫോമില്‍ ആശങ്കയില്ലെന്നും ഇംഗ്ലണ്ട് പര്യടനം മുന്‍നായകന് കടുത്ത വെല്ലുവിളി ആയിരിക്കുമെന്നും ഗാംഗുലി.

കൊല്‍ക്കത്ത: വിരാട് കോലി വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കിരീട സാധ്യത കൂടുതലാണെന്നും ഗാംഗുലി പറഞ്ഞു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരന്പരയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിരാട് കോലി വിമര്‍ശനങ്ങളുടെ മുള്‍മുനയിലായത്. അഞ്ച് ടെസ്റ്റിലെ 9 ഇന്നിംഗ്‌സില്‍ കോലി നേടിയത് 190 റണ്‍സ്. ഓസ്‌ട്രേലിയക്കെതിരെ നിറം മങ്ങിയെങ്കിലും വിരാട് കോലിയെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്ന് സൗരവ് ഗാംഗുലി.

പെര്‍ത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ കോലി പരമ്പരയില്‍ തകര്‍ത്തടിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ചാംപ്യന്‍സ് ട്രോഫിയില്‍ കോലിയുടെ ഫോമില്‍ ആശങ്കയില്ലെന്നും ഇംഗ്ലണ്ട് പര്യടനം മുന്‍നായകന് കടുത്ത വെല്ലുവിളി ആയിരിക്കുമെന്നും ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലൂടെയാവും കോലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. അതേസമയം, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ഒരുങ്ങുകയാണ് കോലി. ഈ മാസം 30ന് റെയില്‍വേസിനെതിരായ മത്സരത്തില്‍ കളിക്കാമെന്ന് കോലി അറിയിച്ചതായി ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 

ഗ്രൂപ്പില്‍ ഡല്‍ഹിയുടെ അവസാന മത്സരമാണിത്. 2012ലാണ് കോലി അവസാനമായി രഞ്ജി കളിക്കുന്നത്. അന്ന് ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടി. അന്ന് വിരേന്ദര്‍ സെവാഗായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ഗൗതം ഗംഭീര്‍, ഉന്‍മുക്ത് ചന്ദ്, ഇശാന്ത് ശര്‍മ, ആശിഷ് നെഹ്‌റ എന്നിവരും കോലിക്കൊപ്പം ടീമിലുണ്ടായിരുന്നു. 

കഴുത്ത് വേദനയെ തുടര്‍ന്ന് 23ന് സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് കോലി പിന്മാറിയിരുന്നു. ഈ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി റിഷഭ് പന്ത് കളിക്കും. നിലവില്‍ ആയുഷ് ബദോനിയാണ ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ഗ്രൂപ്പ് ഡിയില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ഡല്‍ഹിക്ക്.