കോലിക്കൊപ്പം പരിശീലനം നടത്തി ഹര്‍ദിക് പാണ്ഡ്യ; ആരാധകര്‍ പ്രതീക്ഷയില്‍

By Web TeamFirst Published Jan 13, 2020, 4:40 PM IST
Highlights

നായകന്‍ വിരാട് കോലി, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പമാണ് പാണ്ഡ്യ പരിശീലനം നടത്തിയത്

മുംബൈ: പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായാണ് പാണ്ഡ്യയും പരിശീലനത്തിലാണ് പങ്കെടുത്തത്. 

നായകന്‍ വിരാട് കോലി, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പമാണ് പാണ്ഡ്യ പരിശീലനം നടത്തിയത്. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പാണ്ഡ്യയുടെ പരിശീലനം. പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്താന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തണമെന്ന കീഴ്‌വഴക്കത്തിന്‍റെ ഭാഗമായാണ് പാണ്ഡ്യയുടെ പരിശീലനം എന്നാണ് സൂചന. നേരത്തെ, പരിക്കിന് ശേഷം ജസ്‌പ്രീത് ബുമ്ര ടീമില്‍ തിരിച്ചെത്തിയപ്പോഴും സമാന പരിശീലനത്തിന് വിധേയനായിരുന്നു. വിശാഖപട്ടണം ഏകദിനത്തിന് മുന്‍പായിരുന്നു ബുമ്രയുടെ പരിശീലനം. 

പാണ്ഡ്യയില്ലാതെ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍

ഇന്ത്യ എ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയെ അവസാന നിമിഷം ഒഴിവാക്കിയിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് പാണ്ഡ്യയെ തഴഞ്ഞത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പാണ്ഡ്യ യോയോ ടെസ്റ്റിന് വിധേയമായിട്ടില്ലെന്നും അതില്‍ പരാജയപ്പെട്ടിട്ടില്ലെന്നും വാദിച്ച് താരത്തിന്‍റെ പരിശീലകന്‍ രംഗത്തെത്തി. പാണ്ഡ്യക്ക് പകരം തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പം പരിശീലനമത്സരം കളിച്ച് പാണ്ഡ്യ സീനിയര്‍ ടീമില്‍ മടങ്ങിയെത്തും എന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന് പിന്നാലെയാണ് ടീം ഇന്ത്യയുടെ നെറ്റ് സെഷനില്‍ പാണ്ഡ്യയെ കണ്ടത്. പരിക്കുമൂലം നാല് മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാണ്ഡ്യ ഇംഗ്ലണ്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. സ്വകാര്യ പരിശീലകന്‍ രജ്‌നികാന്തിന്‍റെ മേല്‍നോട്ടത്തിലാണ് പാണ്ഡ്യ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. എന്നാല്‍ പാണ്ഡ്യ എപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.  

click me!