
ചണ്ഡീഗഡ്: ജലജ് സക്സേന ഒരിക്കല്‍ കൂടി കേരളത്തിന്റെ രക്ഷകനായപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ പഞ്ചാബിനെതിരെ കേരളത്തിന് 21 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. സീസണില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്. 145 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ കേരളം 124 റണ്‍സിന് പുറത്താക്കി. 51 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയശില്‍പി. സ്കോര്‍ കേരളം 227, 136, പഞ്ചാബ് 218, 124.
89/8 എന്ന നിലയില്‍ തകര്‍ന്നശേഷം സിദ്ധാര്‍ത്ഥ് കൗളും മായങ്ക് മാര്‍ക്കണ്ഡെയും ചേര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും സിദ്ധാര്‍ത്ഥ് കൗളിനെ(22) വീഴ്ത്തി ആദ്യ ഇന്നിംഗ്സിലെ കേരളത്തിന്റെ ബൗളിംഗ് ഹീറോ ആയ എം ഡി നിഥീഷ് കേരളത്തിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ മായങ്ക് മാര്‍ക്കണ്ഡെയെ(23) ജലജ് സക്സേനയും മടക്കിയതോടെ കേരളം കാത്തിരുന്ന ജയമെത്തി. ഒമ്പതാം വിക്കറ്റില്‍ സിദ്ധാര്‍ത്ഥ് കൗള്‍-മായങ്ക് മാര്‍ക്കണ്ഡെ സഖ്യം 33 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 136 റണ്‍സില്‍ അവസാനിപ്പിച്ച് പഞ്ചാബ് വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററാ സല്‍മാന്‍ നിസാര്‍(28 നോട്ടൗട്ട്), അക്ഷയ് ചന്ദ്രന്‍(31), മൊഹമ്മദ് അസ്ഹറുദ്ദീന്‍(27), രോഹന്‍ പ്രേം(17), സച്ചിന്‍ ബേബി(10) എന്നിവര്‍ മാത്രമാണ് കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കടന്നുള്ളു. പഞ്ചാബിനായി സിദ്ധാര്‍ത്ഥ് കൗള്‍ അഞ്ചും ഗുര്‍കീരത് മന്‍ നാലും വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ രോഹന്‍ മര്‍വയെ(0) വീഴ്ത്തി ജലജ് സക്സേന പഞ്ചാബിന് തിരിച്ചടി നല്‍കി.സന്‍വിര്‍ സിംഗും(18), ഗുര്‍കീരത് മന്നും(18) ചേര്‍ന്ന് പഞ്ചാബിനായി പൊരുതിയെങ്കിലും സക്സേനയുടെ ബൗളിംഗ് മികവ് പഞ്ചാബിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. 19ന് തിരുവനന്തപുരത്ത് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!