
മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ അല്‍പസമയത്തിനകം ഇന്ത്യയിറങ്ങും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 12.30നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ കിരീടം തേടിയിറങ്ങുന്ന ഇന്ത്യന്‍ ടീമിന് അശ്വാസ വാര്‍ത്തയാണ് മെല്‍ബണില്‍ നിന്ന് വരുന്നത്.
മെല്‍ബണിലെ കലാശപ്പോര് മഴ മുടക്കില്ല എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും മത്സരസമയത്ത് എങ്കിലും മഴയ്‌ക്ക് സാധ്യതയില്ല എന്നാണ് സൂചനകള്‍. സിഡ്‌നിയില്‍ നടന്ന സെമി മത്സരങ്ങളെ മഴ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി മഴമൂലം ഉപേക്ഷിച്ചപ്പോള്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്.
കലാശപ്പോരിന് മണിക്കൂറുകള്‍ മുന്‍പേ മെല്‍ബണ്‍ ഗ്രൗണ്ടിന്‍റെ പുറത്ത് ആരാധകരുടെ വലിയ ക്യൂ ആരംഭിച്ചിരുന്നു. മത്സരത്തിന്‍റെ 75000 ടിക്കറ്റുകള്‍ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്.
അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഓസീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യക്ക് ആദ്യ ഫൈനലെങ്കില്‍ ആറാം കലാശപ്പോരിനാണ് ഓസീസ് വനിതകള്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്‌ക്കുന്നത്.
Read more: കപ്പടിച്ചുവാ അഭിമാനതാരങ്ങളെ; ഇന്ത്യന്‍ വനിതാ ടീമിന് ആശംസയുമായി സച്ചിനും ഗാംഗുലിയും