മെല്‍ബണ്‍: ലോക വനിതാ ദിനത്തില്‍ ഒരു ലോക കിരീടം. വനിതാ ട്വന്‍റി 20 ലോകകപ്പിൽ കന്നിക്കിരീടത്തിനായി ഇന്ത്യയിറങ്ങുമ്പോള്‍ രാജ്യമൊന്നാകെ പ്രതീക്ഷയിലാണ്. നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയ കരുത്തരാണ് എന്നിരിക്കേ ജയിച്ചാല്‍ ഇന്ത്യക്കത് ഇരട്ടിമധുരമാകും. വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആവേശപ്പോര് തുടങ്ങാന്‍ മിനുറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 

തീപാറും പോരാട്ടത്തിന് മുന്‍പ് ടീമിന് ആശംസകള്‍ നേരുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ആശംസയുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തി. 'ഫൈനലിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശംസകള്‍. അവര്‍ ഇന്ത്യയുടെ അഭിമാനം കാത്തു'വെന്നായിരുന്നു ദാദയുടെ ട്വീറ്റ്. കലാശപ്പോര് നടക്കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിറയ്‌ക്കാന്‍ കാണികളോട് സച്ചിന്‍ ആവശ്യപ്പെട്ടു. 

വനിതാ ടീമിനെ പ്രചോദിപ്പിക്കുന്ന വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോലിയും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

Read more: വനിതാ ടി20 ലോകകപ്പ് ഫൈനല്‍: മെല്‍ബണ്‍ നീലക്കടലാകും; ടീം ഇന്ത്യക്ക് ആശംസയുമായി പ്രധാനമന്ത്രി

മെൽബണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30ന് ഫൈനല്‍ തുടങ്ങും. അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഓസീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യക്ക് ആദ്യ ഫൈനലെങ്കില്‍ ആറാം കലാശപ്പോരിനാണ് ഓസീസ് വനിതകള്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്‌ക്കുന്നത്. 

കിരീടം മാത്രമാണ് ലക്ഷ്യമെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ഹര്‍മന്‍പ്രീതിന്‍റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനമാണ് ഇന്ന് എന്നതും പ്രത്യേകതയാണ്.  

Read more: വനിതാ ക്രിക്കറ്റ് ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്; കന്നിക്കിരീടം തേടി ഇന്ത്യ