സിംഹമടയിലേക്ക് ഇന്ത്യ, ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സ്മിത്തിനെക്കാള്‍ വലിയ ഭീഷണി ഈ താരം

By Web TeamFirst Published Dec 16, 2020, 6:34 PM IST
Highlights

മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡുമെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളിയോളമോ ഒരുപക്ഷെ അതിനെക്കാളൊക്കെയോ പ്രധാനമാണ് ലിയോണിനെ ഫലപ്രദമായി നേരിടുക എന്നത്. ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ് ലിയോണ്‍.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാളെ ക്രീസിലിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലേക്കും സ്റ്റീവ് സ്മിത്തിലേക്കുമായിരിക്കും. എന്നാല്‍ സ്മിത്തോ ലാബുഷെയ്നോ ഉയര്‍ത്തുന്ന വെല്ലുവിളിയോളം പ്രധാനമാണ് മറ്റൊരു ഓസീസ് താരം ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തുന്ന ആശങ്കയും. മറ്റാരുമല്ല, ഓസീസ് ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍.

മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡുമെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളിയോളമോ ഒരുപക്ഷെ അതിനെക്കാളൊക്കെയോ പ്രധാനമാണ് ലിയോണിനെ ഫലപ്രദമായി നേരിടുക എന്നത്. ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ് ലിയോണ്‍. പ്രത്യേകിച്ച് അഡ്‌ലെയ്ഡില്‍ ലിയോണിന് മികച്ച റെക്കോര്‍ഡാണുള്ളത്. ഇന്ത്യക്കെതിരെ 18 ടെസ്റ്റുകളില്‍ 85 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ലിയോണ്‍ ഇതില്‍ 51 വിക്കറ്റും നേടിയത് ഓസീസ് പിച്ചുകളിലായിരുന്നു. മികച്ച പ്രകടനമാകട്ടെ 50 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതും. ഇന്ത്യക്കെതിരെ ഏഴ് തവണ അഞ്ച് വിക്കറ്റും ഒരു തവണ 10 വിക്കറ്റും ലിയോണ്‍ വീഴ്ത്തിയിട്ടുണ്ട്.

മുത്തയ്യ മുരളീധരന് ശേഷം ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ 50 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടുള്ള രണ്ടാമത്തെ മാത്രം ബൗളര്‍ കൂടിയാണ് ലിയോണ്‍. ഇതിന് പുറമെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാനകാര്യം ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ രണ്ട് ബാറ്റ്സ്മാന്‍മാന്‍ ലിയോണിന്‍റെ സ്ഥിരം വേട്ടമൃഗങ്ങളാണ് എന്നതാണ്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും.

ഇരുവരെയും ലിയോണ്‍ ഒമ്പത് തവണ വീതം പുറത്താക്കിയിട്ടുണ്ട്. വിരാട് കോലിയാകട്ടെ ഏഴ് തവണ ലിയോണിന് മുമ്പില്‍ മുട്ടുമടക്കി. ഓസീസ് പേസ് പടയുടെ ആധിപത്യം കഴിഞ്ഞ് മധ്യ ഓവറുകളിലെത്തുമ്പോഴാണ് കൂട്ടുകെട്ടുകള്‍ പൊളിച്ച് ലിയോണ്‍ കരുത്തുകാട്ടാറുള്ളതെന്നും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇത്തവണ മിസ്റ്ററി ബോളുമായാണ് താന്‍ എത്തുന്നതെന്ന് ലിയോണ്‍ പ്രഖ്യാപിച്ചതും ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഡേ നൈറ്റ് ടെസ്റ്റില്‍ മികവ് കാട്ടാനും ലിയോണിന് പ്രത്യേക മിടുക്കുണ്ട്. 28 വിക്കറ്റുകളാണ് ലിയോണ്‍ പകല്‍-രാത്രി ടെസ്റ്റുകളില്‍ ഇതുവരെ വീഴ്ത്തിയത്.

click me!