ഓസ്‌ട്രേലിയയില്‍ ആ താരത്തെ ടീം ഇന്ത്യ മിസ് ചെയ്യും: രഹാനെ

By Web TeamFirst Published Dec 15, 2020, 8:14 PM IST
Highlights

അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇലവനെ തീരുമാനിച്ചിട്ടില്ല എന്നും രഹാനെ. 

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ഇശാന്ത് ശര്‍മ്മയെ മിസ് ചെയ്യുമെന്ന് ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യ രഹാനെ. അതേസമയം അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇലവനെ തീരുമാനിച്ചിട്ടില്ല എന്നും രഹാനെ വ്യക്തമാക്കി. 

ഇന്ത്യന്‍ ബൗളിംഗ് നിര ശക്തമാണ് എന്ന് പറയാം. എന്നാല്‍ ടീമിലെ സീനിയര്‍ പേസര്‍ എന്ന നിലയില്‍ ഇശാന്ത് ശര്‍മ്മയെ മിസ് ചെയ്യും. പേസര്‍മാരായ ഉമേഷ് യാദവ്, നവ്‌ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ മികച്ച താരങ്ങളും പരിചയസമ്പന്നരുമാണ്. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ എങ്ങനെ പന്തെറിയണമെന്ന് അവര്‍ക്ക് നന്നായി അറിയാം. പിങ്ക് പന്തില്‍ ഇതൊരു നവീന അനുഭവമാണ്. എന്നാല്‍ 20 വിക്കറ്റും വീഴ്‌ത്താനുള്ള ശേഷി നമുക്കുണ്ട് എന്നാണ് വിശ്വാസം. 

കോലിയെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ തയാറെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍

ടീം ഘടന എങ്ങനെയാവണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നാളെയെ ഇക്കാര്യത്തില്‍ തീരുമാനമാകൂ. ഒരു പരിശീലന സെഷന്‍ കൂടി നടക്കാനുണ്ട്. എല്ലാവരും ഒരുപോലെ പ്രതിഭാശാലികളാണ്. ആര് കളിച്ചാലും ടീമിനായി വിജയം കൊണ്ടുവരും. അതിനാല്‍ താരങ്ങളിലുള്ള വിശ്വാസമാണ് പ്രധാനം. സീനിയര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ ചുമതല നിര്‍ണായകമാണ്. അശ്വിന്‍ പരിചയസമ്പന്നനായ താരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ ബൗളറും ബാറ്റ്സ്‌മാനും എന്ന നിലയില്‍ അശ്വിന്‍റെ റോള്‍ അതിനിര്‍ണായകമാകും എന്നും രഹാനെ പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിക്കുന്നത്. അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും അജിങ്ക്യ രഹാനെ ടീമിനെ നയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഐസിസി ടെസ്റ്റ് റാങ്കിംഗ്; രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് കോലി

click me!