ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിന് കിലോമീറ്ററുകള്‍ അകലെ വിമാനാപകടം; ആളപായമില്ല

By Web TeamFirst Published Nov 14, 2020, 8:25 PM IST
Highlights

എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഫ്ലൈയിംഗ് സ്കൂളിന്‍റെ വിമാനം മൈതനാത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. വിമാനം ഗ്രൗണ്ടിലേക്ക് തകര്‍ന്നുവീഴുമ്പോള്‍ ഇവിടെ പ്രാദേശിക ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കുകയായിരുന്നു.

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ഗ്രൗണ്ടിലേക്ക് ചെറു യാത്രാ വിമാനം തകര്‍ന്നുവീണു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ക്വാറന്‍റീനില്‍ കഴിയുന്ന സിഡ്നി ഒളിംപിക് പാര്‍ക്കിന് 30 കിലോ മീറ്റര്‍ അകലെ പ്രാദേശിക സമയം വൈകിട്ട് നാലരയോടെയാണ് വിമാനാപകടം ഉണ്ടായത്.  

എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഫ്ലൈയിംഗ് സ്കൂളിന്‍റെ വിമാനം മൈതനാത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. വിമാനം ഗ്രൗണ്ടിലേക്ക് തകര്‍ന്നുവീഴുമ്പോള്‍ ഇവിടെ പ്രാദേശിക ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കുകയായിരുന്നു. മൈതാനത്ത് കളിക്കാരുടെ വിശ്രമസ്ഥലത്തിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്. ഈ സമയം പന്ത്രണ്ടോളം പേര്‍ വിശ്രമകേന്ദ്രത്തില്‍ ഉണ്ടായിരുന്നു.

ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരുന്ന പ്രാദേശിക താരങ്ങള്‍ അപകടം കണ്ട് ഓടിരക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഫ്ലൈയിംഗ് വിദ്യാര്‍ഥികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

രണ്ടുമാസത്തെ പര്യടനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് പരിശീലനം തുടങ്ങിയിരുന്നു. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് താരങ്ങൾ പരിശീലനം തുടങ്ങിയത്. രണ്ട് ഗ്രൂപ്പുകളിലായി ഇൻഡോറിലും ഔട്ട്ഡറിലുമായിട്ടായിരുന്നു താരങ്ങളുടെ പരിശീലനം.

click me!