ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ഇതിഹാസ താരങ്ങള്‍; പരമ്പരയുടെ താരമാകുക ഇവര്‍
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരം സ്റ്റീവ് സ്മിത്ത് ആയിരിക്കുമെന്നും പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടക്കമാകാനിരിക്കെ പരമ്പര വിജയികളെ പ്രഖ്യാപിച്ച് ഇതിഹാസ താരങ്ങള്‍. ഓസീസ് മുന്‍ നായകന്‍ അലന്‍ ബോര്‍ഡറും മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും ഓസീസ് പരമ്പര നേടുമെന്നാണ് പ്രവചിക്കുന്നത്.
അലന്‍ ബോര്‍ഡര്‍
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരം സ്റ്റീവ് സ്മിത്ത് ആയിരിക്കുമെന്നും പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. സ്മിത്ത് പരമ്പരയുടെ താരമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കുമെന്നും ബോര്‍ഡര്‍ വ്യക്തമാക്കി.
ആദം ഗില്‍ക്രിസ്റ്റ്
അലന്‍ ബോര്‍ഡറുടെ പ്രവചനത്തോട് യോജിച്ച ആദം ഗില്‍ക്രിസ്റ്റ് ഓസീസ് 2-1ന് പരമ്പര നേടുമെന്ന് പ്രവചിക്കുന്നു. ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയായിരിക്കും പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്നും ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ ഓസീസിന്‍റെ പാറ്റ് കമിന്‍സ് ആയിരിക്കുമെന്നും ഗില്ലി പറയുന്നു.
രവി ശാസ്ത്രി
അതേസമയം, ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയുടെ പ്രവചനം. ഓസ്ട്രേലിയ കടുത്ത മത്സരം കാഴ്ചവെക്കുമെങ്കിലും പരമ്പരയില്‍ ഒരു ടെസ്റ്റില്‍ പോലും ജയിക്കാനാവില്ലെന്നും ഓസീസിനെ കീഴടക്കാനുള്ള ബാറ്റിംഗ് ബൗളിംഗ് കരുത്തും നാട്ടില്‍ കളിക്കുന്നു എന്ന ആനുകൂല്യവും ഇന്ത്യക്കുണ്ടെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
സുനില്‍ ഗവാസ്കര്‍
അതേസമയം, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പ്രവചിക്കുന്നത് ഇന്ത്യക്ക് 2-1ന്‍റെ വിജയമാണ്. ഇന്ത്യയെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കുക എന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു.
മാര്‍ക്ക് വോ
എന്നാല്‍ പരമ്പര 2-2 സമനിലായവുമെന്നാണ് മുന്‍ ഓസീസ് താരം മാര്‍ക്ക് വോയുടെ പ്രവചനം. വിരാട് കോലി എറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരവും നേഥന്‍ ലിയോണ്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറുമാവുമെന്നും മാര്‍ക്ക് വോ പറഞ്ഞു.
ഇസാ ഗുഹ
എന്നാല്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് നേടുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ ഇസാ ഗുഹയുടെ പ്രവചനം. അക്സര്‍ പട്ടേലാകും പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക. സ്റ്റീവ് സ്മിത്ത് റണ്‍വേട്ടയില്‍ മുന്നിലെത്തുമെന്നും ഇസാ ഗുഹ പറഞ്ഞു.
മൈക്ക് ഹസി
മുന്‍ ഓസീസ് താരം മൈക് ഹസിയുടെ പ്രവചനം അനുസരിച്ച് പരമ്പര 2-2 സമനിലയാകും. ഇന്ത്യയുടെ കെ എല്‍ രാഹുലാകും റണ്‍വേട്ടയില്‍ മുന്നിലെത്തുക. വിക്കറ്റ് വേട്ടയില്‍ നേഥന്‍ ലിയോണ്‍ മുന്നിലെത്തുമെന്നും ഹസി പ്രവചിക്കുന്നു.
ഇയാന്‍ സ്മിത്ത്
മുന്‍ ന്യൂസിലന്‍ഡ് താരം ഇയാന്‍ സ്മിത്ത് പറയുന്നത് ഓസ്ട്രേലിയ 3-1ന് പരമ്പര നേടുമെന്നാണ്. സ്റ്റീവ് സ്മിത്ത് റണ്‍വേട്ടയിലും ലിയോണ്‍ വിക്കറ്റ് വേട്ടയിലും മുന്നിലെത്തുമെന്നുമാണ് സ്മിത്തിന്‍റെ പ്രവചനം.