ബംഗലൂരു ടി20: ചരിത്ര നേട്ടത്തിനരികെ ഹിറ്റ്മാന്‍

By Web TeamFirst Published Feb 27, 2019, 1:48 PM IST
Highlights

നിലവില്‍ 86 ഇന്നിംഗ്സുകളില്‍ നിന്ന് 102 സിക്സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 52 ഇന്നിംഗ്സുകളില്‍ നിന്ന് 103 സിക്സറുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയ്ല്‍ ആണ് ഇപ്പോഴത്തെ സിക്സര്‍ കിംഗ്

ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ഒരു സിക്സര്‍ കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ രോഹിത്തിനാവും.

നിലവില്‍ 86 ഇന്നിംഗ്സുകളില്‍ നിന്ന് 102 സിക്സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 52 ഇന്നിംഗ്സുകളില്‍ നിന്ന് 103 സിക്സറുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയ്ല്‍ ആണ് ഇപ്പോഴത്തെ സിക്സര്‍ കിംഗ്. 74 ഇന്നിംഗ്സുകളില്‍ നിന്ന് 103 സിക്സറുകള്‍ അടിച്ചിട്ടുള്ള ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടിലും ഗെയ്‌ലിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

രോഹിത്തിന് സിക്സര്‍ കിംഗാവാനാണ് അവസരമുള്ളതെങ്കില്‍ എംഎസ് ധോണിക്കും വിരാട് കോലിക്കും ടി20 ക്രിക്കറ്റില്‍ 50 സിക്സറുകളെന്ന നേട്ടം സ്വന്തമാക്കാനും ബംഗലൂരുവില്‍ അവസരമുണ്ട്. 84 ഇന്നിംഗ്സുകളില്‍ നിന്ന് 49 സിക്സറുകളാണ് ധോണിയുടെ പേരിലുള്ളത്. 61 ഇന്നിംഗ്സുകളില്‍ നിന്ന് 48 സിക്സറുകളാണ് കോലി നേടിയിട്ടുള്ളത്. രോഹിത് ശര്‍മക്കു പിന്നില്‍ ടി20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്സര്‍ നേടിയ താരം യുവരാജ് സിംഗാണ്. 74 സിക്സറുകളാണ് യുവി അടിച്ചെടുത്തത്. 56 സിക്സറുകള്‍ നേടിയിട്ടുള്ള സുരേഷ് റെയ്നയാണ് മൂന്നാം സ്ഥാനത്ത്.

click me!