196 റൺസ് പിന്തുടരുന്നത് വെല്ലുവിളിയായിരുന്നു എന്ന് സഞ്ജു സമ്മതിച്ചു. തുടക്കത്തിൽ മികച്ച സ്കോർ കണ്ടെത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പര്‍ 8 പോരാട്ടത്തിൽ വിജയറൺ കുറിച്ചതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസൺ നടത്തിയ ആഘോഷം ആരാധകരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. ഹെൽമറ്റ് അഴിച്ചുവെച്ച്, മൈതാനത്ത് മുട്ടുകുത്തി നിന്ന് കൈകൾ കൂപ്പി ആകാശത്തേക്ക് നോക്കി താരം നടത്തിയ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. മാസങ്ങളായി താൻ നേരിട്ട അവഗണനകൾക്കും തിരിച്ചടികൾക്കും ബാറ്റ് കൊണ്ട് മറുപടി നൽകിയതിന്‍റെ ആശ്വാസമായിരുന്നു ആ മുഖത്ത്.
മത്സരശേഷം തന്‍റെ വൈകാരികമായ ആഘോഷത്തെക്കുറിച്ച് സഞ്ജു ഹോട്ട്സ്റ്റാറിനോട് പ്രതികരിച്ചു. അതൊരു പ്രത്യേക നിമിഷമായിരുന്നു. ഞാൻ വലിയ ദൈവവിശ്വാസിയാണ്. ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേൽ പ്രിയപ്പെട്ടതാണ്- സഞ്ജു പറഞ്ഞു. ഓപ്പണർ സ്ഥാനത്തിനായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും എത്തിയതോടെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായ സഞ്ജു, ഒടുവിൽ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച് ഇന്ത്യയെ സെമി ഫൈനലിൽ എത്തിക്കുകയായിരുന്നു.
196 റൺസ് പിന്തുടരുന്നത് വെല്ലുവിളിയായിരുന്നു എന്ന് സഞ്ജു സമ്മതിച്ചു. തുടക്കത്തിൽ മികച്ച സ്കോർ കണ്ടെത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈഡൻ ഗാർഡൻസിൽ മഞ്ഞുവീഴ്ചയുള്ളപ്പോൾ 190-ഓളം റൺസ് പിന്തുടരുന്നത് എളുപ്പമാകുമെന്ന് ഞാൻ കരുതി. എന്നാൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് കാര്യങ്ങൾ പ്രയാസകരമാക്കി. അവിടെയാണ് എന്‍റെ പരിചയസമ്പത്ത് തുണച്ചത്. അവസാനം വരെ ക്രീസിൽ നിന്ന് കളി ജയിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സാധാരണയായി നമ്മൾ അങ്ങനെ ആഗ്രഹിക്കാറുണ്ട്, പക്ഷേ എല്ലാ തവണയും അത് നടക്കണമെന്നില്ല. ഈ കളിയിൽ അത് സാധ്യമായതിൽ എനിക്ക് വലിയ നന്ദിയുണ്ട്-സഞ്ജു വ്യക്തമാക്കി.
സമ്മർദ്ദമുള്ള മത്സരങ്ങളിൽ വലിയ റിസ്ക് എടുക്കുന്നതിനേക്കാൾ കൃത്യമായ ടൈമിംഗിലൂടെ ബൗണ്ടറികൾ കണ്ടെത്താനാണ് താൻ ശ്രമിച്ചതെന്ന് സഞ്ജു പറഞ്ഞു. ഓരോ തവണയും വലിയ ഷോട്ടിന് ശ്രമിക്കാമെന്ന് കരുതിയപ്പോഴും മറുവശത്ത് വിക്കറ്റ് വീണു. ഇതോടെ സമചിത്തതയോടെ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്‍റെ പ്രകടനം ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് സമ്മാനിച്ചത്. സെമി ഫൈനലിൽ വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
