
ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ 2-0ന് മുന്നിലെത്തിയതിനൊപ്പം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തി. പതിവുപോലെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഓസീസിനെതിരെ ഇന്ത്യയുടെ വിജയശില്‍പികളായത്. മത്സരശേഷം വിരാട് കോലിയുടെയും രോഹിത് ശര്‍നയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്ത മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വിരാട് കോലി പടുത്തുയര്‍ത്തിയതാണെന്ന് വ്യക്തമാക്കി.
സത്യസന്ധമായി പറഞ്ഞാല്‍ രോഹിത് ശര്‍മ മികച്ച ക്യാപ്റ്റനാണ്. എന്നാലും വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ടെസ്റ്റില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. രോഹിത് ശര്‍മയും കോലിയുടെ അതേവഴി തന്നെയാണ് പിന്തുടരുന്നത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് പുതുതായി ഒന്നും ആവിഷ്കരിച്ചിട്ടില്ല.
'ഇനി വെസ് ക്യാപ്റ്റനല്ലല്ലോ', രാഹുലിനെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കില്ലെന്ന് ഹര്‍ഭജന്‍
അശ്വിനെയും ജഡേജയെയും കോലി എങ്ങനെയാണോ കൈകാര്യം ചെയ്തിരുന്നത് അതേ രീതി പിന്തുടരുക മാത്രമാണ് രോഹിത്തും ചെയ്യുന്നത്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ യഥാര്‍ത്ഥ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് പരമ്പരകള്‍ നേടുക എന്നതാണ് അത്. വിരാട് കോലി അത് നേരിട്ടിട്ടുണ്ട്. അദ്ദേഹമാണ് യഥാര്‍ത്ഥത്തില്‍ ഈ ടീമിനെ പടുത്തുയര്‍ത്തിയത്.
കോലിക്ക് കീഴിലാണ് മുഹമ്മദ് ഷമിയും, സിറാജും ബുമ്രയും അശ്വിനും ജഡേജയും അക്സറുമെല്ലാം ടീമിന്‍റെ നിര്‍ണായക താരങ്ങളായി മാറിയത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കളിക്കുമ്പോള്‍ കോലിയുടെയും രോഹിത്തിന്‍റെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ യാതൊരു വ്യത്യാസവും കാണാനാകില്ല. അതിനാല്‍ ആരാണ് മികച്ച ക്യാപ്റ്റനെന്ന ഇപ്പോള്‍ പറയാനുമാവില്ല. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രക്കയിലുമാണ് രോഹിത്തിന്‍റെ യഥാര്‍ത്ഥ വെല്ലുവിളികള്‍ കാത്തിരിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.