ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിരിച്ചെത്തുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ വൈസ് ക്യാപ്റ്റനല്ല. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാഹുലിനെ ഒഴിവാക്കാന്‍ കാരണം, മൂന്നാം ടെസ്റ്റില്‍ ഗില്ലിനെ കളിപ്പിക്കുന്നതിന് വേണ്ടിയാണ്.

ദില്ലി: ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഓപ്പണര്‍ കെ എല്‍ രാഹുലിനെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലും ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിലും നിലനിര്‍ത്തിയതിന്‍റെ അമ്പരപ്പിലാണ് ആരാധകര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള സര്‍ഫ്രാസ് ഖാനെ പോലെയുള്ള യുവതാരങ്ങളെ തഴഞ്ഞ് രാഹുലിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുമുണ്ട്. ഏകദിനങ്ങളിലും ടി20യിലും മികവ് കാട്ടിയ ശുഭ്മാന്‍ ഗില്ലിനെ ബെഞ്ചിലിരുത്തിയാണ് ആദ്യ രണ്ട് ടെസ്റ്റിലും രാഹുലിന് ടീം മാനേജ്മെന്‍റ് അവസരം നല്‍കിയത്.

എന്നാല്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ സെലക്ടര്‍മാര്‍ രാഹുലിനെ നിലനിര്‍ത്തിയെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി. ഇത് വലിയൊരു മുന്നറിയിപ്പാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം പോയതോടെ രാഹുലിനെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കില്ലെന്ന് ഉറപ്പാണെന്ന് ഹര്‍ഭജന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിരിച്ചെത്തുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ വൈസ് ക്യാപ്റ്റനല്ല. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാഹുലിനെ ഒഴിവാക്കാന്‍ കാരണം, മൂന്നാം ടെസ്റ്റില്‍ ഗില്ലിനെ കളിപ്പിക്കുന്നതിന് വേണ്ടിയാണ്. ഏകദിനങ്ങളിലും ടി20യിലും മിന്നുന്ന ഫോം പുറത്തെടുത്ത ഗില്‍ ഇപ്പോള്‍ സൂപ്പര്‍ ഹീറോ ആണ്. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റില്‍ ഗില്‍ കളിക്കുമെന്നുറപ്പാണ്.

ഫോമില്ലാത്ത കെ എല്‍ രാഹുലിന് എന്തേ ഇത്ര അവസരം; ഒടുവില്‍ വാതുറന്ന് രോഹിത് ശര്‍മ്മ

രണ്ടാം ടെസ്റ്റില്‍ രാഹുലിന്‍റെ പുറത്താകല്‍ കണ്ടാലറിയാം, അയാള്‍ ഫോമിലല്ലെന്ന്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് രാഹുല്‍. പക്ഷെ തന്‍റെ പ്രതിഭയെ മികച്ച പ്രകടനങ്ങളാക്കി മാറ്റാനുള്ള ബാധ്യത രാഹുലിനുണ്ട്. അതുകൊണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലം വിട്ടു നിന്ന് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് രാഹുല്‍ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കുയാണ് വേണ്ടത്. അതിനുശേഷം അദ്ദേഹം തിരിച്ചുവരട്ടെ-ഹര്‍ഭജന്‍ പറഞ്ഞു.

2021നുശേഷം കളിച്ച ഒമ്പത് ടെസ്റ്റില്‍ 23.05 ശരാശരിയില്‍ 392 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. ഒരു ഫിഫ്റ്റിയും ഒരു സെഞ്ചുറിയും മാത്രമെ രാഹുലിന് ഇക്കാലയളവില്‍ നേടാനായുള്ളു.