ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി നഥാന്‍ ലിയോണ്‍

By Web TeamFirst Published Nov 12, 2020, 7:17 PM IST
Highlights

ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവദിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്നത് പരമ്പരയുടെ തിളക്കം കുറക്കുമെന്ന വാദമുണ്ടെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല.

സിഡ്നി: ഐപിഎല്ലിനുശേഷം ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആവേശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയുടെ സ്പിന്‍ ആക്രമണം നയിക്കുന്നത് നഥാന്‍ ലിയോണാണ്. ഇന്ത്യയിലും ഓസ്ട്രേലിയയിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ലിയോണ്‍ പരമ്പരയില്‍ ഇന്ത്യക്ക് ഭീക്ഷണിയാകുമെന്നാണ് വിലയിരുത്തുന്നത്.

ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവദിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്നത് പരമ്പരയുടെ തിളക്കം കുറക്കുമെന്ന വാദമുണ്ടെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. കോലി മടങ്ങിയാലും ഇന്ത്യയെ വിലകുറച്ച് കാണാനാവില്ലെന്നാണ് ലിയോണിന്‍റെ വിലയിരുത്തല്‍.

കോലിയില്ലെങ്കിലും പൂജാരയെയും രഹാനെയെയും പോലുള്ള മികവുറ്റ താരങ്ങള്‍ ഇന്ത്യക്കുണ്ട്. കോലി ഇല്ലെങ്കില്‍ ഞങ്ങള്‍ ജയിച്ചു എന്ന് കരുതുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോലി. അദ്ദേഹത്തിനെതിരെ പന്തെറിയാന്‍ കഴിയില്ല എന്നത് വലിയ നഷ്ടമാണ്. കാരണം ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്കെതിരെ കളിക്കാനാണ് നമ്മള്‍ എപ്പോഴും ആഗ്രഹിക്കുക.

സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നുംമൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലി. കോലിയില്ലാത്തത് നിരാശയാണെങ്കിലും ഇന്ത്യക്ക് നിരവധി സൂപ്പര്‍ താരങ്ങളുണ്ടെന്നും ലിയോണ്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടെസ്റ്റില്‍ കോലിയെ ഏഴ് തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് ലിയോണ്‍. ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം അടുത്തമാസം 17നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

click me!