നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ കോലി; കിംഗിന് ഇത് കരിയറിലെ കളങ്കം

By Web TeamFirst Published Jan 15, 2020, 11:24 AM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ടീം ഇന്ത്യക്ക് മാത്രമല്ല നായകന്‍ വിരാട് കോലിക്കും വലിയ നാണക്കേടാണ് സമ്മാനിച്ചത്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മുംബൈ ഏകദിനം ഇന്ത്യന്‍ ടീം ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ദുസ്വപ്‌നമാണ്. ഒരുതരത്തിലും ഓസീസിനുമേല്‍ ആധിപത്യം സ്ഥാപിക്കാനാകാതെ 10 വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് വിരാട് കോലിയും സംഘവും വഴങ്ങിയത്. അതും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സ്വപ്‌നവേദികളിലൊന്നായ വാംഖഡെയില്‍. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ടീം ഇന്ത്യക്ക് മാത്രമല്ല, നായകന്‍ വിരാട് കോലിക്കും വലിയ നാണക്കേടാണ് സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 10 വിക്കറ്റ് തോല്‍വി വഴങ്ങുന്ന ഇന്ത്യന്‍ നായകനാണ് കോലി. ന്യൂസിലന്‍ഡ്(1981), വെസ്റ്റ് ഇന്‍ഡീസ്(1997), ദക്ഷിണാഫ്രിക്ക(2000, 2005) ടീമുകളോടാണ് ടീം ഇന്ത്യ ഇതിനുമുന്‍പ് ഏകദിനത്തില്‍ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയത്. 

വാംഖഡെയില്‍ ഡേവിഡ് വാര്‍ണര്‍- ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് ഷോയാണ് ഓസീസിന് കൂറ്റന്‍ ജയം സമ്മാനിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സില്‍ പുറത്തായി. മറുപടി ഇന്നിംഗ്‌സില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ലക്ഷ്യംകണ്ടു. വാര്‍ണര്‍ 128* റണ്‍സും ഫിഞ്ച് 110* റണ്‍സും നേടി. ജയത്തോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. 

ബാറ്റിംഗിലും മത്സരം വിരാട് കോലിക്ക് നിരാശയായി. 16 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ഏകദിനം 19-ാം തിയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് കോലി മുതിര്‍ന്നേക്കും. തന്‍റെ ബാറ്റിംഗ് പൊസിഷന്‍റെ കാര്യത്തിലും കോലി വിചിന്തനം നടത്തിയേക്കും. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും കെ എല്‍ രാഹുലും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചതോടെ മുംബൈയില്‍ നാലാമനായാണ് കോലി ഇറങ്ങിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

click me!