ഏകദിന, ടി20 ടീമുകളില്‍ നിന്ന് രോഹിത്തിന് ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ഗാംഗുലി

By Web TeamFirst Published Nov 13, 2020, 7:03 PM IST
Highlights

ആര്‍ക്കാണ് പരിക്കിന്‍റെ വിശദാംശങ്ങള്‍ അറിയാവുന്നത്. കളിക്കാരന് അറിയാം, ടീം ഫിസിയോക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്കും അറിയാം. എന്നാല്‍ ബിസിസിഐ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാത്ത ചിലരാണ് പുറമെ നിന്ന് വിഡ്ഢിത്തരം വിളമ്പുന്നതെന്നും ഗാംഗുലി പറഞ്ഞു.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമുകളില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത്തിന് 70 ശതമാനം കായികക്ഷമത മാത്രമേയുള്ളൂവെന്നും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും ഗാംഗുലി പറഞ്ഞു.

പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ സമയം നല്‍കുന്നതിനായാണ് രോഹിത്തിനെ ഏകദിന, ടി20 പരമ്പരകളില്‍ നിന്നൊഴിവാക്കിയതെന്നും ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റ് ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ഐപിഎല്ലിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ പരിക്കില്‍ നിന്ന് മുക്തനായി വരുന്നതേയുള്ളൂവെന്നും ടീം ഫിസിയോയും ക്രിക്കറ്റ് ബോര്‍ഡും സാഹയെ നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.

രോഹിത്തിന്‍റെയും സാഹയുടെയും പരിക്കിനെക്കുറിച്ച് ബിസിസിഐ ഇതുവരെ വിശദീകരിക്കാത്തതിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളോടും ഗാംഗുലി രൂക്ഷമായി പ്രതികരിച്ചു. ആര്‍ക്കാണ് പരിക്കിന്‍റെ വിശദാംശങ്ങള്‍ അറിയാവുന്നത്. കളിക്കാരന് അറിയാം, ടീം ഫിസിയോക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്കും അറിയാം. എന്നാല്‍ ബിസിസിഐ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാത്ത ചിലരാണ് പുറമെ നിന്ന് വിഡ്ഢിത്തരം വിളമ്പുന്നതെന്നും ഗാംഗുലി പറഞ്ഞു.

ടെസ്റ്റ് പരമ്പരക്ക് മുമ്പ് കായികക്ഷമത വീണ്ടെടുക്കാനാകുമെന്നതിനാലാണ് സാഹ ഓസ്ട്രേലിയയിലേക്ക് പോയത്. അദ്ദേഹം, ഏകദിന, ടി20 ടീമുകളുടെ ഭാഗമല്ല. ഐപിഎല്ലില്‍ മുഴുവന്‍ സമയവും ഇന്ത്യന്‍ ഫിസിയോയും ട്രെയിനര്‍മാരും ഇന്ത്യന്‍ കളിക്കാരെ നിരീക്ഷിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. ഇന്നലെ സിഡ്നിയിലെത്തിയ ഇന്ത്യന്‍ ടീം 14 ദിവസത്തെ ക്വാറന്‍റീനുശേഷം ഈ മാസം 27ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങും.

click me!