മായങ്കിന് ഡബിള്‍ ; ബംഗ്ലാദേശിനെതിരെ ഹിമാലയന്‍ ലീഡുമായി ഇന്ത്യ

By Web TeamFirst Published Nov 15, 2019, 5:26 PM IST
Highlights

രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ചെറുതായൊന്ന് ഞെട്ടിച്ചു. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര(54) അലസമായ ഡ്രൈവിന് ശ്രമിച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി(0) പൂജ്യനായി മടങ്ങി.

ഇന്‍ഡോര്‍: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയിലും ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ മായങ്ക് അഗര്‍വാളിന്റെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡുമായി ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെന്ന നിലയിലാണ്. 60 റണ്‍സുമായി രവീന്ദ്ര ജഡേജയും 25 റണ്ണോടെ ഉമേഷ് യാദവും ക്രീസില്‍. നാലു വിക്കറ്റും മൂന്ന് ദിവസും ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 343 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

തുടക്കത്തില്‍ ഞെട്ടിച്ച് ബംഗ്ലാദേശ്; തിരിച്ചടിച്ച് മായങ്കും രഹാനെയും

രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ചെറുതായൊന്ന് ഞെട്ടിച്ചു. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര(54) അലസമായ ഡ്രൈവിന് ശ്രമിച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി(0) പൂജ്യനായി മടങ്ങി. തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീണെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതെ ആഞ്ഞടിച്ച രഹാനെ-മായങ്ക് സഖ്യം ഇന്ത്യക്ക് വീണ്ടും മേല്‍ക്കൈ നല്‍കി. നാലാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 86 റണ്‍സെടുത്ത രഹാനെ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് 14 റണ്‍സകലെ വീണെങ്കിലും മായങ്ക് സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടി ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു.

രഹാനെ പുറത്തായശേഷം സ്കോറിംഗ് വേഗം കൂട്ടിയ മായങ്ക് ജഡേജയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ കുറിച്ച മായങ്ക് ഒടുവില്‍ മെഹ്ദി ഹസന്റെ പന്തില്‍ അബു ജെയ്ദിന് ക്യാച്ച് നല്‍കി മടങ്ങി. എട്ട് സിക്‌സും 28 ഫോറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്സ്. മെഹ്ദി ഹസനെതിരെ സിക്‌സ് നേടിയാണ് മായങ്ക് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

മായങ്ക് പുറത്തായശേഷം ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ(12)യ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ ഉമേഷ് യാദവ് 10 പന്തില്‍ 25 റണ്‍സുമായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ രണ്ടാം ദിനം മാത്രം ഇന്ത്യ 400 റണ്‍സ് അടിച്ചു. ബംഗ്ലാദേശിനായി അബു ജെയ്ദ് നാലു വിക്കറ്റ് വീഴ്ത്തി.

click me!