പൊരുതിയത് മൊനിമുള്‍ മാത്രം, ഇന്ത്യക്കതിരെ ബംഗ്ലാദേശ് 227ന് പുറത്ത്

Published : Dec 22, 2022, 04:40 PM ISTUpdated : Dec 22, 2022, 04:42 PM IST
പൊരുതിയത് മൊനിമുള്‍ മാത്രം, ഇന്ത്യക്കതിരെ ബംഗ്ലാദേശ് 227ന് പുറത്ത്

Synopsis

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 14 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 30 പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്രീസില്‍.  

ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 227ന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി 84 റണ്‍സെടുത്ത മൊനിമുള്‍ ഹഖ് മാത്രമെ തിളങ്ങിയുള്ളു. ഇന്ത്യക്കായി അശ്വിനും ഉമേഷ് യാദവും നാലു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 14 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 30 പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്രീസില്‍.

ആദ്യ സെഷനില്‍ പേസിനെ തുണച്ച പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കളിയിലെ കേമനായിരുന്ന കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ജയദേവ് ഉനദ്ഘട്ടിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തില്‍ പകച്ചെങ്കിലും പിടിച്ചു നിന്ന ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ അവരെ 39ല്‍ എത്തിച്ചു. സാക്കിര്‍ ഹസനെ(15) ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഉനദ്ഘട്ടാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് അതേ സ്കോറില്‍ മറ്റൊരു ഓപ്പണറായ ഷാന്‍റോയെ(24) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ബംഗ്ലാദേശ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും പിടിച്ചു നിന്ന മൊനിമുളും ഷാക്കിബും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവരെ 82 റണ്‍സില്‍ എത്തിച്ചു.

നടുവൊടിച്ച് ഉനദ്ഘട്ടും അശ്വിനും ഉമേഷും

ലഞ്ചിന് ശേഷം ക്രീസിലെത്തിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ(16) ഉമേഷ് വീഴ്ത്തി. മുഷ്ഫീഖുര്‍ റഹീമും(26) മൊനിമുളും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തിയെങ്കിലും സ്കോര്‍ 130ല്‍ നില്‍ക്കെ മുഷ്ഫീഖുറിനെ(26) വിക്കറ്റിന് പുറകില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ഉനദ്ഘട്ട് ബംഗ്ലാദേശിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീടെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ചു കളിച്ച് 26 പന്തില്‍ 25 റണ്‍സടിച്ചെങ്കിലും ക്രീസില്‍ അധിക ആയുസുണ്ടായില്ല. രണ്ട് ഫോറും ഒരു സിക്സും അടിച്ച ലിറ്റണ്‍ ദാസിനെ അശ്വിന്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ബംഗ്ലാദേശ് തകര്‍ച്ചയുടെ വേഗം കൂട്ടി.

ഐപിഎല്‍ ലേലത്തിനൊരുങ്ങി കേരളം, ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി; ഇന്ന് മോക്ക് ലേലം വിളി

മെഹ്ദി ഹസന് മിര്‍സയെ(15) കൂട്ടുപിടിച്ച് മൊനിമുള്‍ പൊരുതി. ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിനെ 172 റണ്‍സിലെത്തിച്ചെങ്കിലും മെഹ്ദിയെയും തൊട്ടുപിന്നാലെ നൂറുലിനെയും(6) വീഴ്ത്തിയ ഉമേഷിന്‍റെ ഇരട്ടപ്രഹരം അവരുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. പൊരുതിനിന്ന മൊനിമുളിനെയും(84) വാലറ്റക്കാരന്‍ ഖലീദ് അഹമദിനെയും(0) വീഴ്ത്തി അശ്വിന്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 227ല്‍ അവസാനിപ്പിച്ചു.

ഇന്ത്യക്കായി അശ്വിന്‍ 71 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് 25 റണ്‍സിനാണ് നാലു വിക്കറ്റെടുത്തത്. 12വര്‍ഷത്തിനുശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ കളിക്കുന്ന ഉനദ്ഘട്ട് 50 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങിയത്. യാസിറിന് പകരം മൊനിമുള്‍ ഹഖും എബാദൊത്തിന് പകരം ടസ്കിന്‍ അഹമ്മദും ബംഗ്ലാദേശ് ഇലവനിലെത്തി. ഇന്ത്യയാകട്ടെ കഴിഞ്ഞ മത്സരത്തിലെ കേമനായ കുല്‍ദീപിനെ പുറത്തിരുത്തി ജയദേവ് ഉനദ്ഘട്ടിനെ ടീമിലെടുത്തു.

PREV
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്