ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്‍റെ പകരക്കാരനായി യുവ ഓപ്പണര്‍, ഉമ്രാന്‍ മാലിക്കും ടെസ്റ്റില്‍ അരങ്ങേറും

By Web TeamFirst Published Dec 8, 2022, 12:49 PM IST
Highlights

രോഹിത്തിന് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനവും അതിനുശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് സൂചന. പരിക്കുമൂലം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്ന് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

ചിറ്റഗോങ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടത് തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകുമോ എന്ന ആശങ്കക്കിടെ പകരക്കാരനായി ഇന്ത്യ എ ടീം നായകനും യുവ ഓപ്പണറുമായ അഭിമന്യു ഈശ്വരന്‍ ടീമിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബംഗ്ലാദേശ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്ന അഭിമന്യു ഈശ്വരന്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി മികച്ച ഫോമിലാണ്.

രോഹിത്തിന് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനവും അതിനുശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് സൂചന. പരിക്കുമൂലം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്ന് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഉമ്രാന്‍ മാലിക്കിനെ പരിഗണിച്ചില്ലെങ്കില്‍ മുകേഷ് കുമാറാകും പകരക്കാരനായി ടീമിലെത്തുക. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടെസ്റ്റ് ടീമില്‍ സൗരഭ് കുമാറിനെയും ഉള്‍പ്പെടുത്തിയേക്കും. ഈ മാസം 14 മുതല്‍ ചിറ്റഗോങിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

അഭിനന്ദനം, പക്ഷേ...; രോഹിത് ശര്‍മയുടെ വീരോജ്വല പോരാട്ടം, പ്രശംസക്കൊപ്പം വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

ബംഗ്ലാദേശ് എ ടീമിനെതിരായ പരമ്പരക്കുശേഷം അഭിമന്യു ഈശ്വരന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ചേരും. അഭിമന്യും ബംഗ്ലാദേശ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ 141ഉം രണ്ടാം ടെസ്റ്റില്‍ 157 റണ്‍സും അടിച്ചിരുന്നു. എ ടീമിനായി മികച്ച പ്രകടനം നടത്തിയതാണ് മുകേഷ് കുമാറിനും സൗരഭ് കുമാറിനും തുണയായത്. അതേസമയം, സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഫീല്‍ഡിംഗിനിടെ പരിക്കേറ്റെങ്കിലും അത് വകവയ്ക്കാതെ രോഹിത് ഇന്നലെ 9-ാമനായി ക്രീസിലെത്തി 28 പന്തില്‍ 51 റണ്‍സടിച്ച് തിളങ്ങിയെങ്കിലും അഞ്ച് റണ്‍സിന് തോറ്റ ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ഇടത്തേ തള്ളവിരലില്‍ സ്റ്റിച്ചിട്ട ശേഷം രണ്ട് ഇഞ്ചക്ഷനുകളും എടുത്താണ് രോഹിത് ക്രീസിലേക്ക് മടങ്ങിയെത്തിയെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

'ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല'; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സെടുക്കാനേയായുള്ളൂ. 102 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍. സെഞ്ചുറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസാണ്(83 പന്തില്‍ 100) ബംഗ്ലാ കടുവകളുടെ വിജയശില്‍പി.

click me!