ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെയാണ് വിമര്‍ശനവുമായി ഷാഫി രംഗത്തെത്തിയത്.

തിരുവനന്തപുരം: സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും തോറ്റതോടെയാണ് വിമര്‍ശനവുമായി ഷാഫി രംഗത്തെത്തിയത്. വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. 

ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സഞ്ജു സാസംണെ ഉള്‍പ്പെടുത്താതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജുവിന് പകരമായി ഫോമിലല്ലാത്ത റിഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, പരിക്കേറ്റ പന്ത് കളിച്ചില്ല. നിലവില്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. 

അവസാന ഓവര്‍ വരെ ആവേശം; ഹിറ്റ്മാന്‍ വെടിക്കെട്ടിനും രക്ഷിക്കാനായില്ല, ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. പരിക്കേറ്റതിനാല്‍ ഓപ്പണിംഗിന് എത്താതിരുന്ന രോഹിത് ശര്‍മ അവസാന ഓവറുകളില്‍ എത്തി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. 28 പന്തില്‍ 51 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടി ബാറ്റിംഗിലും നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ബൗളിംഗിലും കരുത്ത് കാണിച്ച മെഹ്ദി ഹസനാണ് ബംഗ്ലാദേശിന് എക്കാലവും ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു പരമ്പര വിജയം നേടിക്കൊടുത്തത്.

സെഞ്ചുറിക്കൊപ്പം മെഹ്ദി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ബാറ്റിംഗ് പ്രതികൂലമായ പിച്ചില്‍ ഇന്ത്യക്ക് മുന്നില്‍ 272 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഉയര്‍ത്തിയത്. എന്നാല്‍, ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു. ഹിറ്റ്മാനെ കൂടാതെ 82 റണ്‍സെടുത്ത ശ്രേയ്യസ് അയ്യരും 56 റണ്‍സെടുത്ത അക്സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. ബംഗ്ലാദേശിന് വേണ്ടി നസും അഹമ്മദും എബാഡോട്ട് ഹുസൈനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇതിനിടയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങൾ അടുപ്പിച്ച് തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ 'ടാക്റ്റിക്സ്' മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്.