പകല്‍-രാത്രി ടെസ്റ്റ്: ഈഡന്‍ ഗാര്‍ഡന്‍സ് ഫുള്‍; സന്തോഷം അറിയിച്ച് ദാദ

By Web TeamFirst Published Nov 18, 2019, 11:19 AM IST
Highlights

"ഈഡന്‍ ഗാര്‍ഡന്‍സിനെ നിങ്ങള്‍ ഇഷ്‌ടപ്പെടും. വരൂ, കാണൂ...ഒഴിഞ്ഞ ഗാലറിക്ക് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്ക് കളിക്കേണ്ടിവരില്ല".

കൊല്‍ക്കത്ത: ഇന്ത്യ ആദ്യമായി വേദിയാകുന്ന പകല്‍-രാത്രി ടെസ്റ്റിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റുതീര്‍ന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്‌ചയാണ് ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പിങ്ക് പന്തില്‍ അണിനിരക്കുന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്‍ഡോറില്‍ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 130 റണ്‍സിനും വിജയിച്ച് പരമ്പരയില്‍ 1-0ന് മുന്നിലാണ് ടീം ഇന്ത്യ. 

അദേഹം(വിരാട് കോലി) മഹാനായ താരമാണ്. നിറഞ്ഞ ഗാലറിക്ക് മുന്നില്‍ അയാള്‍ കളിക്കും. ആദ്യദിനം ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ നിറഞ്ഞ ഗാലറി കോലിക്ക് കാണാം. ഈഡന്‍ ഗാര്‍ഡന്‍സിനെ നിങ്ങള്‍ ഇഷ്‌ടപ്പെടും. വരൂ, കാണൂ...ഒഴിഞ്ഞ ഗാലറിക്ക് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്ക് കളിക്കേണ്ടിവരില്ല. കൊല്‍ക്കത്ത ടെസ്റ്റിന്‍റെ ആദ്യ മൂന്ന് ദിനവും നിറഞ്ഞ ഗാലറിയുണ്ടാകും- സൗരവ് ഗാംഗുലി വ്യക്തമാക്കി. 

ടെസ്റ്റ് ക്രിക്കറ്റ് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയേ(പകല്‍-രാത്രി മത്സരങ്ങള്‍ പോലുള്ള മാറ്റങ്ങളിലൂടെ) കാണികളെ നിറയ്‌ക്കാനാകൂ. ഗ്രൗണ്ടിലേക്ക് കാണികളെ തിരിച്ചെത്തിക്കുക എന്നതാണ് വെല്ലുവിളി. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ലോകത്ത് എവിടെ നടന്നാലും സ്റ്റേഡിയം നിറയും. എന്നാല്‍ ഈഡന്‍സിലെ സാഹചര്യം കൂടുതല്‍ വെല്ലുവിളിയാണ്. ആദ്യ മൂന്ന് ദിവസവും 65000 കാണികളെ എത്തിക്കണം. അതിന് കഴിഞ്ഞത് വലിയ അഭിമാനമുണ്ടാക്കുന്നു എന്നും സൗരവ് ഗാംഗുലി പറഞ്ഞു. 

 

click me!