വനിതാ ടി20 ലോകകപ്പ്: സെമി സ്വപ്നവുമായി ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍; ഇന്ന് നിര്‍ണായക പോരാട്ടം

Published : Jun 25, 2026, 11:30 AM IST
Harmanpreet Kaur

Synopsis

വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് ബാറ്റിംഗ് ആശങ്കകളുള്ളപ്പോള്‍, പാകിസ്ഥാനെതിരെ ജയിച്ചെത്തുന്ന ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.

മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുനേര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7:00-നാണ് മത്സരം. ദക്ഷിണാഫ്രിക്കയോട് തോറ്റെത്തുന്ന ഇന്ത്യക്കും, പാകിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലുള്ള ബംഗ്ലാദേശിനും ഈ മത്സരം അത്യന്താപേക്ഷിതമാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ 200-ാം ടി20 അന്താരാഷ്ട്ര മത്സരത്തിന് ശേഷം നടക്കുന്ന ഈ പോരാട്ടം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്.

സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും അടങ്ങുന്ന ഓപ്പണിംഗ് ജോഡി മികച്ച തുടക്കങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം ആശങ്കയുണ്ടാക്കുന്നു. ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, യസ്തിക ഭാട്ടിയ എന്നിവര്‍ക്ക് മധ്യ ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിയാത്തത് ടീമിന് തിരിച്ചടിയാകുന്നുണ്ട്. റിച്ച ഘോഷും ദീപ്തി ശര്‍മ്മയുമാണ് നിലവില്‍ ടീമിന്റെ ബാറ്റിംഗ് നിരയിലെ തുറുപ്പുചീട്ടുകള്‍.

ബംഗ്ലാദേശിന്റെ വെല്ലുവിളി

സ്പിന്‍ ബൗളിംഗാണ് ബംഗ്ലാദേശിന്റെ കരുത്ത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ വെറും 124 റണ്‍സ് പ്രതിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് നടത്തിയ ബൗളിംഗ് പ്രകടനം മികച്ചതായിരുന്നു. നഹിദ അക്തറും സഞ്ജിദ അക്തര്‍ മേഘ്‌ലയും ഫോമിലുള്ളത് ഇന്ത്യന്‍ മധ്യനിരയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്നത് ഈ മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കും.

ഇന്ത്യയുടെ സ്പിന്‍ നിരയെ നയിക്കുന്നത് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരിയായ ശ്രീ ചരണിയാണ് (10 വിക്കറ്റ്). ദീപ്തി ശര്‍മ്മയും മികച്ച പിന്തുണ നല്‍കുന്നു. ചരിത്രപരമായി ഇന്ത്യക്കാണ് മുന്‍തൂക്കം. ഇരു ടീമുകളും തമ്മില്‍ കളിച്ച 23 മത്സരങ്ങളില്‍ 20-ലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. അവസാന ഏഴ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയിച്ചത്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

ഇന്ത്യ: ഷഫാലി വര്‍മ്മ, സ്മൃതി മന്ദാന, യസ്തിക ഭാട്ടിയ/ഭാരതി ഫുല്‍മാലി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ്മ, രാധ യാദവ്, ശ്രീ ചരണി, ക്രാന്തി ഗൗഡ്, നന്ദി ശര്‍മ്മ.

ബംഗ്ലാദേശ്: ജൗരിയ ഫിര്‍ദൗസ്, ദിലാര അക്തര്‍, ഷര്‍മിന്‍ അക്തര്‍, നിഗര്‍ സുല്‍ത്താന (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ശോഭന മോസ്തറി, ഷോര്‍ണ അക്തര്‍, റിതു മോണി, നഹിദ അക്തര്‍, റാബിയ ഖാന്‍, സഞ്ജിദ അക്തര്‍ മേഘ്‌ല, മറുഫ അക്തര്‍.

സെമി ഫൈനല്‍ റേസില്‍ നില്‍ക്കുന്ന ടീമുകള്‍ക്ക് ഈ മത്സരഫലം നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തിലും അതീവ പ്രസക്തമാണ്. കാലാവസ്ഥ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ തടസ്സങ്ങളില്ലാതെ മത്സരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സന്നാഹ മത്സരത്തിൽ ജയപ്രതീക്ഷയിൽ ഇന്ത്യ; ശ്രീലങ്ക ഇലവനെതിരെ ജയിക്കാൻ വേണ്ടത് 45 ഓവറിൽ 207 റൺസ്
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത; നായകൻ ശുഭ്മാൻ ഗിൽ നെറ്റ്സിൽ തിരിച്ചെത്തി