വീണ്ടും കളംവാഴാന്‍ യുസ്‌വേന്ദ്ര ചാഹല്‍; കാത്തിരിക്കുന്നത് ചരിത്രനേട്ടം

By Web TeamFirst Published Nov 3, 2019, 11:03 AM IST
Highlights

ബംഗ്ലാ കടുവകളെ സ്‌പിന്‍ കെണിയില്‍ കുരുക്കി ചരിത്രനേട്ടത്തിലെത്താനാണ് ചാഹല്‍ ഇറങ്ങുക

ദില്ലി: ഒന്‍പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ടി20 കളിക്കാനൊരുങ്ങുന്നത്. അതിനാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ചാഹലിന് നിര്‍ണായകമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ഈ പരമ്പരയിലെ പ്രകടനം ചാഹലിന്‍റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായേക്കും. 

ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവര്‍ക്കൊപ്പം ചാഹല്‍ ടീം ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കും എന്നാണ് സൂചനകള്‍. പരമ്പരയില്‍ നാല് വിക്കറ്റ് നേടിയാല്‍ ഒരു സുപ്രധാന നേട്ടത്തിലുമെത്താം ചാഹലിന്. അന്താരാഷ്‌ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടത്തിനരികെയാണ് ചാഹല്‍. ദില്ലി ടി20യില്‍ തന്നെ ചാഹല്‍ ഈ നേട്ടത്തിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ടി20 ലോകകപ്പ് വരാനിരിക്കേ ഇന്ത്യന്‍ ടീമില്‍ സ്‌പിന്നര്‍മാരുടെ പോരാട്ടം മുറുകുകയാണ്. ബാറ്റിംഗിലും ഉപകരിക്കും എന്നത് ക്രുനാലിനും വാഷിംഗ്‌ടണിനും അനുകൂല ഘടകമാണ്. ഇതിനിടെ രാഹുല്‍ ചാഹറിനെ പോലുള്ള താരങ്ങളെയും ബിസിസിഐ പരീക്ഷിക്കുന്നുണ്ട്. അശ്വിന്‍-ജഡേജ ജോഡിക്ക് ശേഷം ഇന്ത്യയുടെ സ്‌പിന്‍ ദ്വയം എന്ന് ചാഹലിനൊപ്പം വിശേഷിപ്പിക്കപ്പെട്ട കുല്‍ദീപ് യാദവിനും ടീമില്‍ ഇപ്പോള്‍ സ്ഥിരം സ്ഥാനമില്ല.

ബംഗ്ലാ കടുവകളെ വീഴ്‌ത്താന്‍ ടീം ഇന്ത്യ

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 ക്രിക്കറ്റ് പരമ്പരയ‌്ക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴ് മുതൽ ദില്ലിയിലാണ് മത്സരം. മലയാളിതാരം സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൂറ്റനടികൾക്ക് പേരുകേട്ട മുംബൈ ഓൾറൗണ്ടർ ശിവം ദുബേ അരങ്ങേറ്റം കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിരാട് കോലിക്ക് വിശ്രമം നൽകിയതിനാൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. 

ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിലക്ക് നേരിടുന്ന ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ, തമീം ഇഖ്‌ബാൽ, മുഹമ്മദ് സെയ്ഫുദ്ദീൻ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ലിറ്റൻ ദാസ്, സൗമ്യ സർക്കാർ, മുഷ്‌ഫീഖർ റഹിം തുടങ്ങിയവരിലാണ് മഹമ്മദുള്ള നയിക്കുന്ന ബംഗ്ലാ നിരയുടെ പ്രതീക്ഷ. ബംഗ്ലാദേശിനെതിരെ കളിച്ച എട്ട് ടി20യിലും ഇന്ത്യക്കായിരുന്നു ജയം. 

click me!