കോലിയെ പുകഴ്‌ത്തി ദില്‍ഷന്‍; ഇന്ത്യന്‍ ടീമിന്‍റേത് സമാനതകളില്ലാത്ത പോരാട്ടമെന്ന് പ്രശംസ

By Web TeamFirst Published Nov 3, 2019, 9:03 AM IST
Highlights

ശ്രീലങ്കൻ ടീം പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുന്നതിന്‍റെ സൂചനകൾ ലഭിക്കുന്നുണ്ടെന്നും ദിൽഷൻ

മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലിയെ പുകഴ്‌ത്തി ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം തിലകരത്നെ ദിൽഷൻ. വിരാട് കോലിക്ക് കീഴിൽ ഇന്ത്യൻ ടീം നടത്തുന്നത് സമാനതകളില്ലാത്ത പ്രകടനമാണെന്ന് ദിൽഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീലങ്കൻ ടീം പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുന്നതിന്‍റെ സൂചനകൾ ലഭിക്കുന്നുണ്ടെന്നും ദിൽഷൻ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. പരമ്പരയുടെ ഫലം എന്താവുമെന്ന കാര്യത്തിൽ ദിൽഷന് തെല്ലും സംശയമില്ല. കോലിയുടെ കീഴിൽ കരുത്തരിൽ കരുത്തരായി മാറിയ ടീമാണ് ഇന്ത്യ. രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിലും എതിരാളികൾക്ക് കനത്ത വെല്ലുവിളിയാവും ടീം ഇന്ത്യയെന്ന് ദില്‍ഷന്‍ പറയുന്നു.

"കോലിക്ക് കീഴിൽ ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. വിരാടിന്‍റെ കീഴിൽ ഐപിഎല്ലിൽ കളിച്ച അനുഭവം എനിക്കുണ്ട്. അദേഹത്തിന്‍റെ ക്യാപ്റ്റൻസി മികച്ചതാണ്. ഇന്ത്യയുടെ യുവതാരങ്ങളും നല്ല നിലവാരത്തിലാണ് കളിക്കുന്നത്".

സീനിയർ താരങ്ങൾ കൂട്ടത്തോടെ വിരമിച്ചതോടെ ശ്രീലങ്കൻ ടീം പ്രതിസന്ധിയിലാണ്. ലോകകപ്പിലടക്കം മോശം പ്രകടനവും കണ്ടു. എന്നാല്‍ ടീമിലെ പരിചയസമ്പന്നനായ താരം ലസിത് മലിംഗയുടെ സേവനം കുറച്ച് നാൾ കൂടി കിട്ടുമെന്ന് ദിൽഷൻ പറയുന്നു. പാകിസ്ഥാനെതിരായ പരമ്പരയിലെ യുവ ടീമിന്‍റെ പ്രകടനവും പ്രതീക്ഷ നൽകുന്നു.

"മലിംഗ ഇപ്പോഴും മികച്ച രീതിയിൽ കളിക്കുന്നുണ്ട്. ലങ്കയ്‌ക്കായി ഒരു ലോകകപ്പ് നേടാൻ ഇനിയും അദേഹത്തിന് കഴിയും. യുവതാരങ്ങളുടെ പ്രകടനം കൊള്ളാം. അടുത്ത ലോകകപ്പിൽ നല്ല പോരാട്ടം പ്രതീക്ഷിക്കാം" എന്നും ദില്‍ഷന്‍ പറഞ്ഞു. 

റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഇതിഹാസതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ക്രിക്കറ്റ് ലീഗിൽ ശ്രീലങ്കൻ ടീമിനെ നയിച്ച് കൊണ്ട് ദിൽഷൻ ഒരിക്കൽ കൂടി പാഡണിയും. അടുത്തവർഷം നടക്കുന്ന ടൂർണമെന്‍റിലെ ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിനായി മുംബൈയിലെത്തിയതായിരുന്നു ദിൽഷൻ.

click me!