
ഫ്ലോറിഡ: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിന് നാളെ കാനഡക്കെതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ മനൂന്ന് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ വലിയ തലവേദന. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട കോലി കാനഡക്കെതിരെ നാളെ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 1,4,0 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോര്‍. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചതിനാല്‍ കോലിയുടെ ഫോം ഇതുവരെ ഇന്ത്യയ്ക്ക് ആശങ്കയായില്ല. പക്ഷേ സൂപ്പര്‍ എട്ടിലെത്തും മുമ്പ് കോലി ഫോം വീണ്ടെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഐപിഎല്ലില്‍ ഓപ്പണറായി തിളങ്ങിയ കോലിയെ ദേശീയ ടീമിലും ഓപ്പണറാക്കിയതാണ് പ്രശ്നമെന്ന് വാദിക്കുകയാണ് കോലിയുടെ കടുത്ത ആരാധകര്‍. ഓപ്പണിങ്ങില്‍ ജയ്സ്വാളിനെ എത്തിച്ച് കോലിക്ക് മൂന്നാം നമ്പര്‍ തിരികെ കൊടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതിനിടെ കോലിയെ പിന്തുണച്ച് മുന്‍താരം സുനില്‍ ഗവാസകര്‍ രംഗത്തെത്തി. കോലിയുടെ ഫോം സംബന്ധിച്ച് ആശങ്കവേണ്ടെന്നും താരം അൽപംകൂടി ക്ഷമ കാണിക്കണമെന്നും ഗവാസ്കര്‍ പറയുന്നു.
ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമും ടീമിന് ആശങ്കയാണ്. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും പാക്കിസ്ഥാനെതിരെയും യുഎസ്എയ്ക്കെതിരെയും രോഹിത് പരാജയപ്പെട്ടു. ബാറ്റര്‍മാരില്‍ റിഷഭ് പന്ത് മാത്രമാണ് കുറച്ചെങ്കിലും സ്ഥിരതയോടെ കളിക്കുന്നത്. യുഎസിനെതിരെ സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. തനത് ശൈലിയില്‍ നിന്ന് മാറി ടീമിന് ആവശ്യമായ രീതിയിലായിരുന്നു സൂര്യയുടെ ഇന്നിങ്സ്.
മുന്നോട്ടുള്ള കുതിപ്പിന് സൂര്യകുമാര്‍ അടക്കമുള്ള താരങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാകും ടീം മാനേജ്മെന്‍റ് തീരുമാനം. അതിനാല്‍ തന്നെ നാളെ കാനഡകകെതിരെ അവസാന മത്സരത്തിനിറങ്ങുമ്പോഴും ഇന്ത്യയുടെ പ്ലേയിംഗ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. അമേരിക്കക്കെതിരെ മധ്യനിരയില്‍ ശിവം ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതിനാൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും പുറത്തിരിക്കാനാണ് സാധ്യത. ബൗളിംഗ് നിരയില്‍ രവീന്ദ്ര ജഡേജക്ക് പകരം നാളെ കുല്‍ദീപ് യാദവിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കക്കെതിരെ ജഡേജ ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേല്‍ തുടരുമ്പോള്‍ പേസ് നിരയിലും മാറ്റത്തിന് സാധ്യത കുറവാണ്. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!