തകര്‍ത്തടിച്ച് ധവാനും കോലിയും, കത്തിക്കയറി രാഹുലും ക്രുനാലും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

By Web TeamFirst Published Mar 23, 2021, 5:48 PM IST
Highlights

40 ഓവറില്‍ 205 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അടുത്ത 10 ഓവറില്‍ 112 റണ്‍സടിച്ചുകൂട്ടി. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാലിന് പിന്നാലെ 39 പന്തില്‍ രാഹുലും അര്‍ധസെഞ്ചുറി കുറിച്ചതോടെ ഇന്ത്യ മാന്യമായ സ്കോറിലെത്തി.

പുനെ: ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ എല്‍ രാഹുലിന്‍റെയും ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. 98 റണ്‍സെടുത്ത് പുറത്തായ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 43 പന്തില്‍ 62 റണ്‍സെടുത്ത കെ എല്‍ രാഹുലും 31 പന്തില്‍ 58 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.

ഓപ്പണിംഗിന് സ്റ്റോപ്പിട്ട് സ്റ്റോക്‌സ്

പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച ലൈനിലും ലെംഗ്തിലും പന്തറിഞ്ഞതോടെ പവര്‍പ്ലേയിലെ ആദ്യ പത്തോവറില്‍ ഇന്ത്യ റണ്‍സടിക്കാന്‍ പാടുപെട്ടു. വിക്കറ്റൊന്നും വീണില്ലെങ്കിലും ആദ്യ പത്തോവറില്‍ 39 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. പതിമൂന്നാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. വമ്പന്‍ സ്കോറിന് അടിത്തറയിട്ട രോഹിത്തും ധവാനും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റോക്സിന്‍റെ വൈഡ് ബോളില്‍ ബാറ്റ് വെച്ച് രോഹിത് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയത്. 42 പന്തില്‍ 28 റണ്‍സായിരുന്നു രോഹിത്തിന്‍റെ സംഭാവന.

അനായാസം കോലി, മീശ പിരിച്ച് ധവാന്‍

ക്രീസിലെത്തിയപാടെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ തളര്‍ന്നപ്പോള്‍ ഇന്ത്യ അതിവേഗം സ്കോര്‍ ചെയ്ത് മുന്നേറി. ആദില്‍ റഷീദിനെ സിക്സടിച്ച് 68 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ധവാനും 50 പന്തില്‍ 50 തികച്ച ക്യാപ്റ്റന്‍ കോലിയും ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനിടെ മാര്‍ക്ക് വുഡിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച കോലി(60 പന്തില്‍ 56)മോയിന്‍ അലിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

കോലിക്ക് പിന്നാലെ കൂട്ടത്തകര്‍ച്ച

വിരാട് കോലി പുറത്താശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്കും(9 പന്തില്‍ 6) വലിയ ആയുസുണ്ടായില്ല. മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ലിവിംഗ്സ്റ്റണ് ക്യാച്ച് നല്‍കി അയ്യര്‍ മടങ്ങി. പിന്നാലെ സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ധവാന്‍(98) സ്റ്റോക്സിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ദ്ദിക് പാണ്ഡ്യയും(1) സ്റ്റോക്സിന് മുന്നില്‍ തലകുനിച്ചതോടെ ഇന്ത്യന്‍ സ്കോറിംഗിന് കടിഞ്ഞാണ്‍ വീണു.

കത്തിക്കയറി ക്രുനാലും രാഹുലും

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാലും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയത്. ഇരുവരും ചേര്‍ന്ന് 61 പന്തില്‍ 112 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്. പതുക്കെ തുടങ്ങിയ രാഹുല്‍ ക്രീസിലെത്തിയ പാടെ തകര്‍ത്തടിച്ച ക്രുനാലില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ടതോടെ ഇന്ത്യന്‍ സ്കോറിംഗ് കുതിച്ചു. 40 ഓവറില്‍ 205 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അടുത്ത 10 ഓവറില്‍ 112 റണ്‍സടിച്ചുകൂട്ടി. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാലിന് പിന്നാലെ 39 പന്തില്‍ രാഹുലും അര്‍ധസെഞ്ചുറി കുറിച്ചതോടെ ഇന്ത്യ മാന്യമായ സ്കോറിലെത്തി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്നും മാര്‍ക്ക് വുഡ്  രണ്ടും വിക്കറ്റെടുത്തു.

സര്‍പ്രൈസ് ടീമുമായി ഇന്ത്യ

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രുനാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും അരങ്ങേറ്റത്തിന് ടീം ഇന്ത്യ അവസരം നല്‍കിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയ്‌ര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, സാം ബില്ലിംഗ്‌സ്, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

click me!