ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം: രോഹിത് മടങ്ങി, അര്‍ധ സെഞ്ചുറി തികച്ച് ധവാന്‍

By Web TeamFirst Published Mar 23, 2021, 3:27 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ 64 റണ്‍സാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്തത്. 

പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് അര്‍ധ സെഞ്ചുറി. ധവാന്‍ 68 പന്തിലാണ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കോലിപ്പട 24 ഓവര്‍ പിന്നിടുമ്പോള്‍ 109/1 എന്ന നിലയിലാണ്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായി. ധവാനൊപ്പം(52*), നായകന്‍ വിരാട് കോലി(27*) ആണ് ക്രീസില്‍. 

ഒരിക്കല്‍ക്കൂടി കൂട്ടുകെട്ട് പൊളിച്ച് സ്റ്റോക്‌സ്

ഓപ്പണിംഗ് വിക്കറ്റില്‍ 64 റണ്‍സാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്തത്. ആദ്യ 10 ഓവറില്‍ പേസ് കൊണ്ട് മാര്‍ക് വുഡും കൃത്യതയാല്‍ സാം കറനും ആക്രമിച്ചപ്പോള്‍ 39 റണ്‍സേ ഇന്ത്യ നേടിയുള്ളൂ. ബെന്‍ സ്റ്റോക്‌സ് 16-ാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു. ഹിറ്റ്‌‌മാന്‍ 42 പന്തില്‍ 28 റണ്‍സെടുത്ത് പുറത്ത്. സ്റ്റോക്‌സിന്‍റെ വൈഡ് ബോളില്‍ അനാവശ്യമായി ബാറ്റ് വീശി വിക്കറ്റ്‌കീപ്പര്‍ ജോസ് ബട്ട്‌ലറുടെ കൈകളില്‍ രോഹിത് അവസാനിക്കുകയായിരുന്നു. 

എന്നാല്‍ 24-ാം ഓവറിലെ ആദ്യ പന്തില്‍ ആദില്‍ റഷീദിനെ സിക്‌സറിന് പറത്തി ധവാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ധവാന്‍റെ 31-ാം ഏകദിന അര്‍ധശതകമാണിത്. 

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ക്രുനാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും അരങ്ങേറ്റത്തിന് ടീം ഇന്ത്യ അവസരം നല്‍കിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലെത്തി. അഞ്ചാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്യുക. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയ്‌ര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ്, സാം ബില്ലിംഗ്‌സ്, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്. 

click me!