അശ്വിന് ആറ് വിക്കറ്റ്, ഇംഗ്ലണ്ട് 178ല്‍ പുറത്ത്; ഇന്ത്യക്ക് ജയിക്കാന്‍ 420 റണ്‍സ്!

By Web TeamFirst Published Feb 8, 2021, 4:19 PM IST
Highlights

ആദ്യ ഇന്നിംഗ്സിലെ മികച്ച ലീഡ് രണ്ടാം ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നതായി.

ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 420 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇംഗ്ലണ്ട്. 241 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സില്‍ പുറത്തായി. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി. നാലാംദിനം അവസാന സെഷനില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞു.   

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട അശ്വിന്‍ തന്നെയാണ് അവസാന വിക്കറ്റും വീഴ്‍ത്തിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോറി ബേണ്‍സിനെ (0) മടക്കി അശ്വിന്‍ തുടങ്ങി. പിന്നാലെ ഡൊമിനിക് സിബ്ലി (16), ബെന്‍ സ്റ്റോക്‌സ് (7) എന്നിവരും അശ്വിന്റെ തിരിപ്പിന് മുന്നില്‍ കീഴടങ്ങി. വാലറ്റത്ത് ഡൊമിനിക് ബെസ്സും(25), ജോഫ്ര ആർച്ചറും(5), ജയിംസ് ആന്‍ഡേഴ്‍സണും(0) കീഴടങ്ങിയതും അശ്വിന്‍റെ മുന്നിലാണ്. 

ആക്രമിച്ച് കളിച്ച നായകന്‍ ജോ റൂട്ട് (32 പന്തില്‍ 40) ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ജസ്പ്രീത് ബുമ്രയാണ് റൂട്ടിനെ മടക്കിയത്. ഡാനിയേല്‍ ലോറന്‍സിനെ 18ല്‍ നില്‍ക്കേ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇശാന്ത് ശർമ്മ മുന്നൂറാം ടെസ്റ്റ് വിക്കറ്റ് തികച്ചത് ഇന്ത്യക്ക് ആശ്വാസമായി. ഓലി പോപ്(28), ജോസ് ബട്‍ലർ (24) എന്നിവരെ ഷെഹ്ബാസ് നദീം പുറത്താക്കി. എന്നാല്‍ ആദ്യ ഇന്നിംഗ്സിലെ മികച്ച ലീഡ് രണ്ടാം ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസം നല്‍കുന്നതാണ് ചെപ്പോക്കില്‍ കണ്ടത്.

നേരത്തെ, ആദ്യ ഇന്നിംഗ്‍സില്‍ ഇംഗ്ലണ്ടിന്‍റെ 578 റണ്‍സിനെതിരെ ഇന്ത്യ 337ന് എല്ലാവരും പുറത്തായിരുന്നു. 
 

click me!