റാവല്‍പിണ്ടിയിലും ദക്ഷിണാഫ്രിക്ക നാണംകെട്ടു; ടെസ്റ്റ് പരമ്പര തൂത്തുവാരി പാകിസ്ഥാന്‍

By Web TeamFirst Published Feb 8, 2021, 3:39 PM IST
Highlights

അവസാന ഏഴ് വിക്കറ്റ് 33 റണ്‍സിനിടെ വലിച്ചെറിഞ്ഞതാണ് ദക്ഷിണാഫ്രിക്കയ്‍ക്ക് തിരിച്ചടിയായത്. 

റാവല്‍പിണ്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര പാകിസ്ഥാന്‍ തൂത്തുവാരി. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റ് 95 റണ്‍സിന് ആതിഥേയർ വിജയിച്ചു. അവസാന ഏഴ് വിക്കറ്റ് 33 റണ്‍സിനിടെ വലിച്ചെറിഞ്ഞതാണ് ദക്ഷിണാഫ്രിക്കയ്‍ക്ക് തിരിച്ചടിയായത്. സ്‍കോർ: പാകിസ്ഥാന്‍- 272 & 298, ദക്ഷിണാഫ്രിക്ക- 201 & 274. നേരത്തെ, കറാച്ചിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഏഴ് വിക്കറ്റിന് പാകിസ്ഥാന് ജയിച്ചിരുന്നു. 

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 370 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടുവെച്ചത്. ജയിക്കാനുള്ള എല്ലാ സാധ്യതകളും ദക്ഷിണാഫ്രിക്കയ്‍ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഒരു വിക്കറ്റിന് 127 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ പാകിസ്ഥാന്‍ 274 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലും ഹസന്‍ അലി അഞ്ച് വിക്കറ്റ് വീഴ്‍ത്തിയപ്പോള്‍ എയ്ഡന്‍ മർക്രാമിന്‍റെ സെഞ്ചുറി പ്രോട്ടീസിന്‍റെ രക്ഷയ്‍ക്കെത്തിയില്ല. 

243 പന്തില്‍ 108 റണ്‍സ് നേടിയ മർക്രാമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. തെംബാ ബാവുമ(61), റാസീ വാന്‍ ഡർ ഡസന്‍(48), വിയാന്‍ മുള്‍ഡർ(20), എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. 17 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിന്‍റെ വിക്കറ്റ് നാലാംദിനം നഷ്ടമായിരുന്നു. നാല് വിക്കറ്റുമായി ഷാഹീന്‍ അഫ്രീദി, ഹസന്‍ അലിക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ ജയ സാധ്യത പൂർണമായും ദക്ഷിണാഫ്രിക്ക കൈവിടുകയായിരുന്നു. 

രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 129 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ പാക്കിസ്ഥാനുവേണ്ടി അപരാജിത സെഞ്ചുറിയുമായി പൊരുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാനാണ് മികച്ച സ്കോര്‍(298-10) സമ്മാനിച്ചത്.

115 റണ്‍സുമായി റിസ്‌വാന്‍ പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്ത് പത്താമനായി ക്രീസിലെത്തിയ നൗ വ്‌മാന്‍ അലി(45), യാസിര്‍ ഷാ(23), ഫഹീം അഷ്റഫ്(29) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജോര്‍ജ് ലിന്‍ഡെ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ് മൂന്നും റബാദ രണ്ടും വിക്കറ്റെടുത്തു. മുഹമ്മദ് റിസ്‍വാന്‍ പരമ്പരയുടേയും ഹസന്‍ അലി കളിയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നിട്ടും; ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ലീഡിലേക്ക്

click me!