രാജകീയം രാഹുല്‍, തകര്‍പ്പന്‍ സെഞ്ചുറി; വെടിക്കെട്ടുമായി പന്ത്, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Published : Mar 26, 2021, 04:42 PM ISTUpdated : Mar 26, 2021, 04:45 PM IST
രാജകീയം രാഹുല്‍, തകര്‍പ്പന്‍ സെഞ്ചുറി; വെടിക്കെട്ടുമായി പന്ത്, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Synopsis

കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് എഡ്‌ജായി വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ ക്യാച്ചില്‍ മടങ്ങുമ്പോള്‍ കോലിക്ക് 79 പന്തില്‍ 66 റണ്‍സാണുണ്ടായിരുന്നത്.

പുനെ: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്. നാലാം നമ്പറിലെത്തിയ കെ എല്‍ രാഹുല്‍ 108 പന്തില്‍ അഞ്ചാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 44 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 267 എന്ന നിലയിലാണ്  ടീം ഇന്ത്യ. കെ എല്‍ രാഹുലിനൊപ്പം(111 പന്തില്‍ 106* റണ്‍സ്), റിഷഭ് പന്താണ്(32 പന്തില്‍ 59* റണ്‍സ്) ക്രീസില്‍. നേരത്തെ, നായകന്‍ വിരാട് കോലിയും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 

പാളിയ ഓപ്പണിംഗില്‍ വീണില്ല

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 37 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്‌ടമായി. നാലാം ഓവറില്‍ ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തുവന്ന റീസ് ടോപ്ലിയുടെ സ്വിങ്ങില്‍ ബാറ്റുവെച്ച ധവാന്‍ രണ്ടാം സ്ലിപ്പില്‍ സ്റ്റോക്സിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 17 പന്ത് നേരിട്ട ധവാന് നാല് റണ്‍സേ നേടാനായുള്ളൂ. തൊട്ടുപിന്നാലെ രോഹിത് ആക്രമണം തുടങ്ങിയെങ്കിലും ഇന്നിംഗ്‌സിന് ആയുസുണ്ടായില്ല. ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ സാം കറനെ ഫ്ലിക്ക് ചെയ്യാന്‍ ശ്രമിച്ച് ഹിറ്റ്‌മാന്‍ ഷോര്‍ട് ഫൈന്‍ ലെഗില്‍ ആദില്‍ റഷീദിന്‍റെ കൈകളിലെത്തി. 25 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. 

കോലി മിന്നി, പക്ഷേ മൂന്നക്കമില്ല

എന്നാല്‍ ശേഷം കോലി-രാഹുല്‍ സഖ്യം ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഇരുവരും 67 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 23 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. പിന്നാലെ കോലി 62 പന്തില്‍ ഏകദിന കരിയറിലെ 62-ാംമത്തെയും രാഹുല്‍ 66 പന്തില്‍ പത്താമത്തെയും അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ഇവരുടെ മുന്നേറ്റം 32-ാം ഓവറില്‍ ആദില്‍ റഷീദ് പൊളിച്ചു. കോലി(79 പന്തില്‍ 66) കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് എഡ്‌ജായി വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ ക്യാച്ചില്‍ പുറത്തായി. വീണ്ടും ഒരിക്കല്‍ കൂടി മൂന്നക്കമില്ലാതെ കോലിക്ക് മടക്കം.

രാഹുല്‍ രാജകീയം, പന്ത് പന്താട്ടം

ഇതിന് പിന്നാലെയെത്തിയ പന്ത് ആക്രമണം തുടങ്ങിയപ്പോള്‍ രാഹുല്‍ അനായാസം മൂന്നക്കം തികച്ചു. പന്ത് 28 പന്തില്‍ അര്‍ധ സെഞ്ചുറിയും രാഹുല്‍ 108 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. പന്തിന്‍റെ മൂന്നാം ഏകദിന ഫിഫ്റ്റിയാണിത്. 

മാറ്റങ്ങളുമായി ഇരു ടീമുകളും

നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്തിന് ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഒരവസരം കൂടി ലഭിച്ചു. അതേസമയം നായകന്‍ ഓയിന്‍ മോര്‍ഗനില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇലവനില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. മോര്‍ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിംഗ്‌സിന് പകരം ലയാം ലിവിംഗ്‌സ്റ്റണും മാര്‍ക് വുഡിന് പകരം റീസ് ടോപ്ലിയും കളിക്കുന്നു.

ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

ഇന്ന് ജയിച്ചാൽ ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ കോലിപ്പട 66 റൺസിന് തകർത്തിരുന്നു. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്‌ലര്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്