രണ്ടാം ടെസ്റ്റ്: സ്റ്റാര്‍ സ്‌പിന്നറടക്കം നാല് താരങ്ങളില്ല, വമ്പന്‍ മാറ്റങ്ങളുമായി ഇംഗ്ലണ്ട്

By Web TeamFirst Published Feb 12, 2021, 2:01 PM IST
Highlights

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലര്‍ മത്സരത്തിലുണ്ടാവില്ലെന്ന് ഇംഗ്ലണ്ട് മാനേജ്‌മെന്‍റ് നേരത്തെ അറിയിച്ചിരുന്നു. 

ചെന്നൈ: ടീം ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വന്‍ മാറ്റങ്ങളുള്ള ടീമില്‍ പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണും ജോഫ്ര ആര്‍ച്ചറും സ്‌പിന്നര്‍ ഡോം ബെസ്സുമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലര്‍ മത്സരത്തിലുണ്ടാവില്ലെന്ന് ഇംഗ്ലണ്ട് മാനേജ്‌മെന്‍റ് നേരത്തെ അറിയിച്ചിരുന്നു. 

ആദ്യ ടെസ്റ്റില്‍ വിജയ സ്‌പെല്ലുമായി തിളങ്ങിയ ആന്‍ഡേഴ്‌സന് ടീമിലെ റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ജിമ്മിയുടെ പകരക്കാരന്‍. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ ബെസ്സിനെ ഒഴിവാക്കിയത്. ജോസ് ബട്ട്‌ലര്‍ കളിക്കാത്തതിനാല്‍ ബാറ്റിംഗ് കൂടി പരിഗണിച്ചാവാം ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് അവസരം നല്‍കിയത്. ബട്ട്‌ലറുടെ പകരക്കാരനായി ബെന്‍ ഫോക്‌സാണ് വിക്കറ്റ് കാക്കുക. ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സോ ഓലി സ്റ്റോണോ ഇലവനിലെത്തും. 

ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ജാക്ക് ലീച്ച് എന്നിവര്‍ ജോ റൂട്ട് നയിക്കുന്ന 12 അംഗ ടീമിലുണ്ട്. അന്തിമ ഇലവന്‍ ടോസ് വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. 

ഇംഗ്ലണ്ട് 12 അംഗ ടീം: ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഓലി സ്റ്റോണ്‍

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ചെപ്പോക്ക് തന്നെ വേദിയായ ആദ്യ മത്സരം 227 റണ്‍സിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടണമെങ്കില്‍ രണ്ടാം ടെസ്റ്റ് ടീം ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. 
 

click me!