ചെന്നൈയില്‍ രോഹിത് കരുത്താര്‍ജിക്കുന്നു; അര്‍ധ സെഞ്ചുറി; ഇന്ത്യ മുന്നോട്ട്

By Web TeamFirst Published Feb 13, 2021, 10:47 AM IST
Highlights

രണ്ടാം വിക്കറ്റില്‍ പൂജാരയെ കൂട്ടുപിടിച്ച് മികച്ച ഷോട്ടുകളുമായി കളംനിറയുകയാണ് രോഹിത് ശര്‍മ്മ.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റ് നഷ്‌ടമായ ടീം ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നു. 12-ാം അര്‍ധ കുറിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യക്ക് കരുത്തേകുന്നത്. 15 ഓവര്‍ പിന്നിടുമ്പോള്‍ 60-1 എന്ന നിലയിലാണ് ടീം ഇന്ത്യ. രോഹിത്തിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് ക്രീസില്‍. ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 

അക്കൗണ്ട് തുറക്കുംമുമ്പ് വിക്കറ്റ്

ഇംഗ്ലണ്ടിനായി സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ബൗളിംഗ് തുടങ്ങിയത്. ആദ്യ ഓവര്‍ മെയ്‌ഡനായി. രണ്ടാം ഓവര്‍ എറിയാനെത്തിയത് ക്രിസ് വോക്‌സിനെ മറികടന്ന് ഇലവനില്‍ ഇടംപിടിച്ച ഓലി സ്റ്റോണ്‍. രണ്ട് ടെസ്റ്റുകളുടെ പരിചയസമ്പത്ത് മാത്രമാണ് താരത്തിനുള്ളത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ എല്‍ബിയില്‍ തളച്ചു സ്റ്റോണ്‍. മൂന്ന് പന്ത് നേരിട്ട ഗില്ലിന് അക്കൗണ്ട് തുറക്കാനായില്ല. ടീമും ഈ സമയം സ്‌കോര്‍ ബോര്‍ഡ് തുറന്നിരുന്നില്ല. 

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൂജാരയെ കൂട്ടുപിടിച്ച് മികച്ച ഷോട്ടുകളുമായി കളംനിറയുകയാണ് രോഹിത് ശര്‍മ്മ. 47 പന്തില്‍ നിന്ന് രോഹിത് അമ്പത് തികച്ചു. എന്നാല്‍ ഇതിനിടെ 41ല്‍ നില്‍ക്കേ താരത്തെ ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്‌സ് വിട്ടുകളഞ്ഞിരുന്നു.  

ടീമുകളില്‍ വന്‍ മാറ്റങ്ങള്‍

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത് ആദ്യ ടെസ്റ്റില്‍ ഏറെ വിമര്‍ശനം കേട്ട സ്‌പിന്നര്‍ ഷഹബാസ് നദീം പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പകരക്കാരനായി സ്‌പിന്നര്‍ കുല്‍ദീപ് യാദവും ഇലവനിലെത്തി. 

നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ഡോം ബെസ്സ്, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോസ് ബട്‍ലർ എന്നിവർക്ക് പകരം ബെൻ ഫോക്സ്, സ്റ്റുവർട്ട് ബ്രോഡ്, മോയീൻ അലി, ഓലി സ്റ്റോണ്‍ എന്നിവര്‍ ഇലവനിലെത്തി. ആർച്ചറിന് പരിക്ക് തിരിച്ചടിയായപ്പോൾ ആൻഡേഴ്സണ് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ 227 റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്. 

ഇംഗ്ലണ്ട് ടീം

ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഓലി സ്റ്റോണ്‍.

click me!