റിഷഭ്-ഹര്‍ദിക് വെടിക്കെട്ട്; ഇംഗ്ലണ്ടിനെ തല്ലിച്ചതച്ച് ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

By Web TeamFirst Published Mar 28, 2021, 4:12 PM IST
Highlights

മികച്ച തുടക്കത്തിന് ശേഷം 18 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ റിഷഭ്-ഹര്‍ദിക് വെടിക്കെട്ടാണ് കരകയറ്റിയത്. 

പുനെ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ടീം ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്. 35 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 243 റണ്‍സെന്ന നിലയിലാണ് ടീം. മികച്ച തുടക്കത്തിന് ശേഷം 18 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ റിഷഭ്-ഹര്‍ദിക് വെടിക്കെട്ടാണ് കരകയറ്റിയത്. റിഷഭ് 59 പന്തില്‍ 73 റണ്‍സുമായും ഹര്‍ദിക് 30 പന്തില്‍ 44 റണ്‍സെടുത്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 

സ്വപ്‌ന തുടക്കം

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ 65 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറി 44 പന്തില്‍ തികച്ച ധവാനായിരുന്നു അപകടകാരി. 15-ാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. ഏകദിനത്തില്‍ രോഹിത്-ധവാന്‍ സഖ്യം 17-ാം തവണയാണ് സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പ് തികയ്‌ക്കുന്നത്. 

പിന്നെ കഥമാറി! റഷീദ് മാറ്റി

എന്നാല്‍ ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായി. 37 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത് നേടിയത്. 17-ാം ഓവറില്‍ വീണ്ടും പന്തെറിയാന്‍ എത്തിയപ്പോഴും റഷീദ് ഇന്ത്യക്ക് ഭീഷണിയായി. ഫുള്‍ ലെങ്ത് പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ചിപ്പ് ചെയ്യാനുള്ള ധവാന്‍റെ ശ്രമം പാളുകയായിരുന്നു. റഷീദ് ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് സുരക്ഷിതമായി കൈക്കലാക്കി. ധവാന്‍ 56 പന്തില്‍ 67 റണ്‍സുമായി മടങ്ങി. 

തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേറ്റു. ഇത്തവണയും ഭീഷണിയായത് സ്‌പിന്‍ തന്നെ. മൊയീന്‍ അലിയെ ഓഫ് സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച കോലിയുടെ ഇടത്തേ സ്റ്റംപ് ഇളകുകയായിരുന്നു. 10 പന്തില്‍ ഏഴ് റണ്‍സേ കോലിക്കുള്ളൂ. ഒരവസരത്തില്‍ 103/0 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഇതോടെ 121/3 എന്ന നിലയില്‍ പ്രതിരോധത്തിലായി.   

നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് തുടക്കത്തിലെ കടന്നാക്രമിച്ച് ബൗളര്‍മാരുടെ വീര്യം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മറുവശത്ത് സാവധാനം തുടങ്ങിയ കെ എല്‍ രാഹുല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലച്ചു. ലെഗ് സൈഡില്‍ വന്ന ലിവിംഗ്‌സ്റ്റണിന്‍റെ ലോ ഫുള്‍ടോസ് പന്ത് ഒറ്റകൈ കൊണ്ട് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച രാഹുല്‍(18 പന്തില്‍ 7) ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അലിയുടെ നല്ലൊരു ക്യാച്ചില്‍ മടങ്ങി. 

തിരിച്ചുപിടിച്ച് പാണ്ഡ്യ-പന്ത് വെടിക്കെട്ട്

വിക്കറ്റ് നഷ്‌ടത്തിന്‍റെ ആലസ്യമില്ലാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും കത്തിക്കയറിയതോടെ ഇന്ത്യ വീണ്ടും ട്രാക്കില്‍ തിരിച്ചെത്തി. ഇതിനിടെ 29-ാം ഓവറിലെ അവസാന പന്തില്‍ ലിവിംഗ്‌സ്റ്റണ്‍ റിഷഭിന്‍റെ റിട്ടേണ്‍ ക്യാച്ച് അവസരം പാഴാക്കുകയും ചെയ്തു. 30 ഓവറില്‍ ഇന്ത്യ 200 പിന്നിട്ടു. വൈകാതെ റിഷഭ് 44 പന്തില്‍ അമ്പത് തികച്ചു.  

മാറ്റങ്ങളുമായി ടീമുകള്‍

കഴിഞ്ഞ കളിയില്‍ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അടിവാങ്ങിക്കൂട്ടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ ടി നടരാജന് ഇന്ത്യയും ഇംഗ്ലണ്ട് പേസര്‍ ടോം കറന് പകരം മാര്‍ക്ക് വുഡിനും അവസരം നല്‍കി. പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് പുനെയില്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ, ടി നടരാജന്‍. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്‌ലര്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്. 

click me!