49-ാം ഓവറില്‍ കെയ്ല്‍ ജയ്മിസണിന്‍റെ ഫുള്‍ടോസ് സിക്സിന് പറത്തിയാണ് രാഹുല്‍ സെഞ്ചുറിയിലെത്തിയത്. ഇതോടെ മറ്റൊരു അപൂര്‍വനേട്ടം കൂടി രാഹുലിന്‍റെ പേരിലായി.
രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരെ അപരാജിത സെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ സ്വന്തമാക്കിയത് ചരിത്രനേട്ടം. ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ എം എസ് ധോണിക്ക് പോലും കരിയറില്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് രാഹുല്‍ ഇന്ന് രാജ്കോട്ടില്‍ അടിച്ചടുത്തത്.
49-ാം ഓവറില്‍ കെയ്ല്‍ ജയ്മിസണിന്‍റെ ഫുള്‍ടോസ് സിക്സിന് പറത്തിയാണ് രാഹുല്‍ സെഞ്ചുറിയിലെത്തിയത്. ഇതോടെ മറ്റൊരു അപൂര്‍വനേട്ടം കൂടി രാഹുലിന്‍റെ പേരിലായി. രാജ്കോട്ടില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി രാഹുല്‍. 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. 2025 മുതല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സ്ഥാനമുറപ്പിച്ച രാഹുല്‍ 41-50 വരെയുള്ള ഓവറുകളില്‍ 1409.09 സ്ട്രൈക്ക് റേറ്റില്‍ 283 റണ്‍സാണ് അടിച്ചെടുത്തത്.
2025നുശേഷം മധ്യനിരയില്‍ അഞ്ചാം നമ്പറിലിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും രാഹുലാണ്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ അഞ്ചാം നമ്പറിലിറങ്ങിയ രാഹുലിന് നേരിട്ട ആദ്യ ആറ് പന്തുകളിലും റണ്ണെടുക്കാനായില്ല. എന്നാല്‍ പിന്നീട് രവീന്ദ്ര ജഡേജയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും കൂട്ടുപിടിച്ച് രാഹുല്‍ നടത്തിയ പോരാട്ടമായിരുന്നു ഇന്ത്യയെ 284ല്‍ എത്തിച്ചത്.
ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങി.
