സ്‌പിന്‍ കെണിയില്‍ മുന്‍നിര വീണു; മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തിരിച്ചടി

Published : Mar 28, 2021, 03:11 PM ISTUpdated : Mar 28, 2021, 03:39 PM IST
സ്‌പിന്‍ കെണിയില്‍ മുന്‍നിര വീണു; മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തിരിച്ചടി

Synopsis

ഇംഗ്ലീഷ് സ്‌പിന്‍ ജോഡികളായ ആദില്‍ റഷീദും-മൊയീന്‍ അലിയുമായാണ് ഇന്ത്യക്ക് പ്രഹരമേല്‍പിച്ചത്. 

പുനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം മുന്‍നിര വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ടീം ഇന്ത്യ. ഇംഗ്ലീഷ് സ്‌പിന്‍ ജോഡികളായ ആദില്‍ റഷീദും-മൊയീന്‍ അലിയുമായാണ് ഇന്ത്യക്ക് പ്രഹരമേല്‍പിച്ചത്. ഒരവസരത്തില്‍ 103/0 എന്ന ശക്തമായ നിലയിലായിരുന്ന ടീം 21 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് കളഞ്ഞുകുളിച്ച് 137 റണ്‍സില്‍ നില്‍ക്കുകയാണ്. ഇപ്പോള്‍ കെ എല്‍ രാഹുലും റിഷഭ് പന്തുമാണ് ക്രീസില്‍ . 

മിന്നും തുടക്കം നല്‍കി ഓപ്പണര്‍മാര്‍

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ 65 റണ്‍സിലെത്തി. 44 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ധവാനായിരുന്നു കൂടുതല്‍ അപകടകാരി. പതിനഞ്ചാം ഓവറില്‍ ടീം 100 കടന്നു. ഏകദിനത്തില്‍ രോഹിത്-ധവാന്‍ സഖ്യം 17-ാം തവണയാണ് സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പ് തികയ്‌ക്കുന്നത്. 

പിന്നെ കഥമാറി! റഷീദ് മാറ്റി

എന്നാല്‍ ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായി. 37 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത് നേടിയത്. 17-ാം ഓവറില്‍ വീണ്ടും പന്തെറിയാന്‍ എത്തിയപ്പോഴും റഷീദ് ഇന്ത്യക്ക് ഭീഷണിയായി. ഫുള്‍ ലെങ്ത് പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ചിപ്പ് ചെയ്യാനുള്ള ധവാന്‍റെ ശ്രമം പാളുകയായിരുന്നു. റഷീദ് ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് സുരക്ഷിതമായി കൈക്കലാക്കി. ധവാന്‍ 56 പന്തില്‍ 67 റണ്‍സുമായി മടങ്ങി. 

തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേറ്റു. ഇത്തവണയും ഭീഷണിയായത് സ്‌പിന്‍ തന്നെ. മൊയീന്‍ അലിയെ ഓഫ് സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച കോലിയുടെ ഇടത്തേ സ്റ്റംപ് ഇളകുകയായിരുന്നു. 10 പന്തില്‍ ഏഴ് റണ്‍സേ കോലിക്കുള്ളൂ. ഒരവസരത്തില്‍ 103/0 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഇതോടെ 121/3 എന്ന നിലയില്‍ പ്രതിരോധത്തിലായി.   

മാറ്റങ്ങളുമായി ടീമുകള്‍

കഴിഞ്ഞ കളിയില്‍ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അടിവാങ്ങിക്കൂട്ടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ ടി നടരാജന് ഇന്ത്യയും ഇംഗ്ലണ്ട് പേസര്‍ ടോം കറന് പകരം മാര്‍ക്ക് വുഡിനും അവസരം നല്‍കി. പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് പുനെയില്‍ തയ്യാറാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ, ടി നടരാജന്‍. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്‌ലര്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം