ജീവന്‍മരണപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

By Web TeamFirst Published Mar 18, 2021, 11:19 PM IST
Highlights

ഇംഗ്ലണ്ടിന്‍റെ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ജോസ് ബട്‌ലറെ തുടക്കത്തിലെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്. ആറ് പന്തില്‍ 9 റണ്‍സായിരുന്നു ബട്‌ലറുടെ സംഭാവന.

അഹമ്മദാബാദ്: ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിന് കീഴടക്കി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് കരുത്തരായ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ 177 റണ്‍സില്‍ എറിഞ്ഞൊതുക്കിയത്. മൂന്ന് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും ഇന്ത്യക്കായി തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 185/8, ഇംഗ്ലണ്ട് 20 ഓവറില്‍ 177/8.

തുടക്കത്തിലെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഭുവനേശ്വര്‍

ഇംഗ്ലണ്ടിന്‍റെ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ജോസ് ബട്‌ലറെ തുടക്കത്തിലെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്. ആറ് പന്തില്‍ 9 റണ്‍സായിരുന്നു ബട്‌ലറുടെ സംഭാവന. ഒരറ്റത്ത് ജേസണ്‍ റോയ് നിലയുറപ്പിച്ചശേഷം അടി തുടങ്ങിയെങ്കിലും ഡേവിഡ് മലന് കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. മലനെ(17 പന്തില്‍ 14) ബൗള്‍ഡാക്കി രാഹുല്‍ ചാഹര്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ റോയിയെ(27 പന്തില്‍ 40)ഹര്‍ദ്ദിക് പാണ്ഡ്യ മടക്കിയതോടെ ഇംഗ്ലണ്ട് ബാക്ക് ഫൂട്ടിലായി.

വിറപ്പിച്ച് സ്റ്റോക്സും ബെയര്‍സ്റ്റോയും

ബെന്‍ സ്റ്റോക്സും ജോണി ബെയര്‍സ്റ്റോയും നിലയുറപ്പിച്ച് അടി തുടങ്ങിയതോടെ ഇന്ത്യ ഒന്ന് വിറച്ചു. മഞ്ഞു വീഴ്ചമൂലം സ്പിന്നര്‍മാര്‍ പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടിയതോടെ ഇന്ത്യ കളി കൈവിടുമെന്ന് തോന്നിച്ചു. എന്നാല്‍ ബെയര്‍സ്റ്റോയെ(19 പന്തില്‍ 25) രാഹുല്‍ ചാഹര്‍ മടക്കിയതിന് പിന്നാലെ ഒരോവറില്‍ അപകടകാരികളായ സ്റ്റോക്സിനെയും(23 പന്തില്‍ 46) ഓയിന്‍ മോര്‍ഗനെയും(4) വീഴ്ത്തി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു.

ആഞ്ഞടിച്ച് ആര്‍ച്ചര്‍, ചങ്കിടിപ്പോടെ ഇന്ത്യ

ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ആര്‍ച്ചര്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്സും നേടിയതോടെ ഇന്ത്യയുടെ ചങ്കിടിപ്പ് കൂടി. സമ്മര്‍ദ്ദത്തില്‍ തൊട്ടടുത്ത രണ്ടു പന്തുകളും വൈഡെറിഞ്ഞ ഷര്‍ദ്ദുല്‍ സമ്മര്‍ദ്ദം കൂട്ടി.  എന്നാല്‍ നാലാം പന്തില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയ ഠാക്കൂര്‍ അഞ്ചാം പന്തില്‍ ക്രിസ് ജോര്‍ദ്ദാനെ വീഴ്ത്തി ഇന്ത്യന്‍ ജയം ഉറപ്പിച്ചു.

ഇന്ത്യക്കായി ഠാക്കൂര്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി. ചാഹലിന് പകരമെത്തിയ ചാഹര്‍ നാലോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ രോഹിത്തും രാഹുലും കോലിയും പാണ്ഡ്യയും നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യമായി ബാറ്റിംഗിന് അവസരം ലഭിച്ച സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

പവറോടെ തുടങ്ങി ഹിറ്റ് മാന്‍

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദില്‍ റഷീദ് എറിഞ്ഞ ഇംന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. മൂന്നാം പന്തില്‍ രോഹിത് ബൗണ്ടറി നേടി. ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 12 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി രാഹുലും ഫോമിലായതോടെ ആദ്യ രണ്ടോവറില്‍ ഇന്ത്യ 18 റണ്‍സടിച്ചു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ത്ത മാര്‍ക്ക് വുഡ് എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യനേടിയത്. ആര്‍ച്ചര്‍ എറിഞ്ഞ നാലാം ഓവറില്‍ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. സ്വന്തം ബൗളിംഗില്‍ ആര്‍ച്ചര്‍ തന്നെ രോഹിത്തിനെ കൈയിലൊതുക്കി.

സിക്സോടെ തുടങ്ങി സൂര്യകുമാര്‍

രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സിക്സ് അടിച്ചാണ് വണ്‍ഡൗണായി എത്തിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. ആര്‍ച്ചറുടെ ബൗണ്‍സര്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സൂര്യകുമാര്‍ സിക്സിന് പറത്തി. നാലാം ഓവറില്‍ എട്ട് റണ്‍സാണ് ഇന്ത്യ നേടിയത്. മാര്‍ക്ക് വുഡ് എറിഞ്ഞ അ‍ഞ്ചാം ഓവറില്‍ സൂര്യകുമാര്‍ ബൗണ്ടറി നേടിയതോടെ ഏഴ് റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലെത്തി. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 14 റണ്‍സ് നേടിയതോടെ ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയില്‍ പവര്‍ പ്ലേ പൂര്‍ത്തിയാക്കി

നിറം മങ്ങി രാഹുലും കിംഗാവാതെ കോലിയും

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ പവര്‍ പ്ലേ പൂര്‍ത്തിയാകുന്നതുവരെ പിടിച്ചു നിന്നെങ്കിലും എട്ടാം ഓവറില്‍ ബെന്‍ സ്റ്റോക്സിന്‍റെ സ്ലോ ബോളില്‍ വീണു. 17 പന്തില്‍ 14 റണ്‍സായിരുന്നു രാഹുലിന്‍റെ നേട്ടം. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ കോലിക്ക് ഇത്തവണ പക്ഷെ ക്രീസില്‍ അധികം ആയുസുണ്ടായില്ല. ആദില്‍ റഷീദിന്‍റെ ഗുഗ്ലിയില്‍ സ്റ്റെപ് ഔട്ട് ചെയ്ത് സിക്സിന് ശ്രമിച്ച കോലിയെ ജോസ് ബട്‌ലര്‍ അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സായിരുന്നു കോലിയുടെ നേട്ടം.  രണ്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായത് ഇന്ത്യന്‍ സ്കോറിംഗിനെ ബാധിച്ചു. ആദ്യ പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.

അമ്പയറുടെ പിഴവില്‍ പാതിവഴിക്ക് മടങ്ങി സൂര്യകുമാര്‍

ബാറ്റിംഗ് അരങ്ങേറ്റത്തില്‍ 28 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി സൂര്യകുമാര്‍ ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ മലയാളി അമ്പയര്‍ കെ എന്‍ അനന്തപത്മനാഭന്‍റെ പിഴവ് ഇന്ത്യക്ക് തിരിച്ചടിയായി. സാം ഖന്‍റെ പന്തില്‍ സിക്സ് നേടിയ സൂര്യകുമാര്‍ അടുത്ത പന്തില്‍ ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറിയില്‍ ഡേവിഡ് മലന്‍ കൈയിലൊതുക്കിയെങ്കിലും പന്ത് നിലത്ത് തട്ടിയിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഓണ്‍ ഫീല്‍‍ഡ് അമ്പയറുടെ തീരുമാനം ഔട്ട് ആയതിനാല്‍ സൂര്യകുമാറിന് ക്രീസ് വിടേണ്ടിവന്നു.

പിടിച്ചു നിന്ന് പന്ത് അടിച്ചു തകര്‍ത്ത് ശ്രേയസ്

സൂര്യകുമാര്‍ പുറത്തായശേഷം റിഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. 23 പന്തില്‍ 30 റണ്‍സെടുത്ത പന്തിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ(8 പന്തില്‍11) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശ്രേയസ് അയ്യര്‍(18 പന്തില്‍ 37) ആണ് ഇന്ത്യക്ക് മാന്യമായ ടോട്ടല്‍ ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റെടുത്തു.

click me!