
അഹമ്മദാബാദ്: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. രോഹിത്തും രാഹുലും കോലിയും പാണ്ഡ്യയും നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യമായി ബാറ്റിംഗിന് അവസരം ലഭിച്ച സൂര്യകുമാര്‍ യാദവാണ് 57 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്കോററായത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റുമായി തിളങ്ങി.
പവറോടെ തുടങ്ങി ഹിറ്റ് മാന്‍
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദില്‍ റഷീദ് എറിഞ്ഞ ഇംന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. മൂന്നാം പന്തില്‍ രോഹിത് ബൗണ്ടറി നേടി. ആദ്യ ഓവറില്‍ തന്നെ ഇന്ത്യ 12 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി രാഹുലും ഫോമിലായതോടെ ആദ്യ രണ്ടോവറില്‍ ഇന്ത്യ 18 റണ്‍സടിച്ചു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ത്ത മാര്‍ക്ക് വുഡ് എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യനേടിയത്. ആര്‍ച്ചര്‍ എറിഞ്ഞ നാലാം ഓവറില്‍ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. സ്വന്തം ബൗളിംഗില്‍ ആര്‍ച്ചര്‍ തന്നെ രോഹിത്തിനെ കൈയിലൊതുക്കി.
സിക്സോടെ വരവറിയിച്ച് സൂര്യകുമാര്‍
രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സിക്സ് അടിച്ചാണ് വണ്‍ഡൗണായി എത്തിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. ആര്‍ച്ചറുടെ ബൗണ്‍സര്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സൂര്യകുമാര്‍ സിക്സിന് പറത്തി. നാലാം ഓവറില്‍ എട്ട് റണ്‍സാണ് ഇന്ത്യ നേടിയത്. മാര്‍ക്ക് വുഡ് എറിഞ്ഞ അഞ്ചാം ഓവറില്‍ സൂര്യകുമാര്‍ ബൗണ്ടറി നേടിയതോടെ ഏഴ് റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലെത്തി. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 14 റണ്‍സ് നേടിയതോടെ ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയില്‍ പവര്‍ പ്ലേ പൂര്‍ത്തിയാക്കി
നിറം മങ്ങി രാഹുലും കിംഗാവാതെ കോലിയും
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ പവര്‍ പ്ലേ പൂര്‍ത്തിയാകുന്നതുവരെ പിടിച്ചു നിന്നെങ്കിലും എട്ടാം ഓവറില്‍ ബെന്‍ സ്റ്റോക്സിന്‍റെ സ്ലോ ബോളില്‍ വീണു. 17 പന്തില്‍ 14 റണ്‍സായിരുന്നു രാഹുലിന്‍റെ നേട്ടം. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ കോലിക്ക് ഇത്തവണ പക്ഷെ ക്രീസില്‍ അധികം ആയുസുണ്ടായില്ല. ആദില്‍ റഷീദിന്‍റെ ഗുഗ്ലിയില്‍ സ്റ്റെപ് ഔട്ട് ചെയ്ത് സിക്സിന് ശ്രമിച്ച കോലിയെ ജോസ് ബട്‌ലര്‍ അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സായിരുന്നു കോലിയുടെ നേട്ടം. രണ്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായത് ഇന്ത്യന്‍ സ്കോറിംഗിനെ ബാധിച്ചു. ആദ്യ പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.
അമ്പയറുടെ പിഴവില്‍ മടങ്ങി സൂര്യകുമാര്‍
ബാറ്റിംഗ് അരങ്ങേറ്റത്തില്‍ 28 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി സൂര്യകുമാര്‍ ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ മലയാളി അമ്പയര്‍ കെ എന്‍ അനന്തപത്മനാഭന്‍റെ പിഴവ് ഇന്ത്യക്ക് തിരിച്ചടിയായി. സാം ഖന്‍റെ പന്തില്‍ സിക്സ് നേടിയ സൂര്യകുമാര്‍ അടുത്ത പന്തില്‍ ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറിയില്‍ ഡേവിഡ് മലന്‍ കൈയിലൊതുക്കിയെങ്കിലും പന്ത് നിലത്ത് തട്ടിയിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഔട്ട് ആയതിനാല്‍ സൂര്യകുമാറിന് ക്രീസ് വിടേണ്ടിവന്നു.
പിടിച്ചു നിന്ന് പന്ത് അടിച്ചു തകര്‍ത്ത് ശ്രേയസ്
സൂര്യകുമാര്‍ പുറത്തായശേഷം റിഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. 23 പന്തില്‍ 30 റണ്‍സെടുത്ത പന്തിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ(8 പന്തില്‍11) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശ്രേയസ് അയ്യര്‍(18 പന്തില്‍ 37) ആണ് ഇന്ത്യക്ക് മാന്യമായ ടോട്ടല്‍ ഉറപ്പാക്കിയത്. അവസാന അഞ്ചോവറില്‍ 57 രണ്‍സാണ് ഇന്ത്യനേടിയത്. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റെടുത്തു.
ടോസില്‍ ഭാഗ്യം കൈവിട്ട് വീണ്ടും കോലി
ടോസിലെ ഭാഗ്യം ഇത്തവണയും വിരാട് കോലിയെ തുണച്ചില്ല. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പരമ്പരയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.
കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ നേരിയ പരിക്കുളള ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്തായി. സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രാഹുല്‍ ചാഹര്‍ അന്തിമ ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!