പൊടി പാറില്ല, അവസാന ടെസ്റ്റിനൊരുങ്ങുന്നത് ബാറ്റിംഗ് പിച്ച്; ഐസിസി നടപടി ഒഴിവാക്കാന്‍ ബിസിസിഐ

By Web TeamFirst Published Feb 27, 2021, 5:02 PM IST
Highlights

വീണ്ടുമൊരു സ്പിന്‍ കെണിയൊരുക്കി ഐസിസി നടപടി ക്ഷണിച്ചുവരുത്തുന്നത്  ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ തുറന്ന മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നാണക്കേടാവുമെന്ന തിരിച്ചറിവിലാണ് അവസാന ടെസ്റ്റിനായി ബാറ്റിംഗ് വിക്കറ്റൊരുക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിലെ സ്പിന്‍ പിചിനെച്ചൊല്ലി ഗ്രൗണ്ടിന് പുറത്ത് വിവാദങ്ങള്‍ ബൗണ്ടറി കടക്കുമ്പോള്‍  പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒരുക്കുന്നത് ബാറ്റിംഗ് വിക്കറ്റെന്ന് സൂചന. പരമ്പരയില്‍ 2-1ന് ലീഡ് ചെയ്യുന്ന ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ സമനില പിടിച്ചാലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്താനാവും. ഈ സാഹചര്യത്തില്‍ അവസാന ടെസ്റ്റിനായി സ്പിന്‍ പിച്ച് ഒരുക്കേണ്ടെന്നാണ് ബിസിസിഐയുടെ നിര്‍ദേശമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടി റിപ്പോര്‍ട്ട് ചെയ്തു.

വീണ്ടുമൊരു സ്പിന്‍ കെണിയൊരുക്കി ഐസിസി നടപടി ക്ഷണിച്ചുവരുത്തുന്നത്  ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ തുറന്ന മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നാണക്കേടാവുമെന്ന തിരിച്ചറിവിലാണ് അവസാന ടെസ്റ്റിനായി ബാറ്റിംഗ് വിക്കറ്റൊരുക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

വീണ്ടുമൊരു പൊടി പാറുന്ന പിച്ച് തയാറാക്കിയാല്‍ ഐപിഎല്ലിനും ടി20 ലോകകപ്പിനും വേദിയാവേണ്ട സ്റ്റേഡിയത്തിന് അത് വലിയ തിരിച്ചടിയാവുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മാര്‍ച്ച് നാലു മുതലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുക.

ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും ബാറ്റിംഗിനെ തുണച്ച വിക്കറ്റില്‍ ഇംഗ്ലണ്ടാണ് ജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നിര്‍ണായക ഘടകമായിരുന്നു. എന്നാല്‍ ചെന്നൈയില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.

അഹമ്മദാബാദിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഒരുപടി കൂടി കടന്ന് സ്പിന്നര്‍മാരെ അമിതമായി തുണക്കുന്ന പിച്ചാണ് ഒരുക്കിയത്. കേവലം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ആകെ വീണ 30 വിക്കറ്റുകളില്‍ 28ഉം സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.

click me!