ലീഡ്‌സില്‍ ഹിമാലയന്‍ ലീഡുമായി ഇംഗ്ലണ്ട്, ഇന്ത്യക്കിനി റണ്‍മലകയറ്റം

By Web TeamFirst Published Aug 26, 2021, 11:13 PM IST
Highlights

മൂന്ന് ദിവസം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ തന്നെ കഠിനപ്രയത്‌നം വേണമെന്നതിനാല്‍ സമനിലയെക്കുറിച്ചു ചിന്തിക്കാതെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി ഇന്ത്യക്ക് ഇനിയുള്ള ദിവസങ്ങളില്‍ പൊരുതാം.

ലീഡ്‌സ്: ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വെള്ളംകുടിച്ച ലീഡ്സിലെ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കാട്ടിക്കൊടുത്തു. ഇന്ത്യന്‍ മുന്‍നിര പ്രതിരോധമില്ലാതെ മുട്ടുമടക്കിയ പിച്ചില്‍ ഇംഗ്ലണ്ട് മുന്‍നിരയില്‍ ബാറ്റെടുത്തവരെല്ലാം അര്‍ധ സെഞ്ചുറിയും സെഞ്ചുറിയുമെല്ലാം നേടി തിളങ്ങിയതോടെ ലീഡ്‌സ് ടെസ്റ്റില്‍ രണ്ടാം ദിനം തന്നെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 345 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 24 റണ്‍സോടെ ക്രെയ്ഗ് ഓവര്‍ടണും റണ്ണൊന്നുമെടുക്കാതെ ഓലി റോബിന്‍സണും ക്രീസില്‍.

മൂന്ന് ദിവസം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ തന്നെ കഠിനപ്രയത്‌നം വേണമെന്നതിനാല്‍ സമനിലയെക്കുറിച്ചു ചിന്തിക്കാതെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി ഇന്ത്യക്ക് ഇനിയുള്ള ദിവസങ്ങളില്‍ പൊരുതാം. വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയുടെയും ഹസീബ് ഹമീദ്, റോറി ബേണ്‍സ്, ഡേവിഡ് മലന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് രണ്ടാം ദിനം കൂറ്റന്‍ സ്‌കോറിലെത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലേതുപോലെ ഓപ്പണര്‍മാര്‍ മടങ്ങിയശേഷം കളിയുടെ കടിഞ്ഞാണേറ്റെടുത്ത റൂട്ട് ഇംഗ്ലണ്ട് ഈ ടെസ്റ്റില്‍ ഇനി തോല്‍ക്കില്ലെന്ന് ഉറപ്പാക്കി.

കരുതലോടെ തുടങ്ങി കരുത്തോടെ ഇംഗ്ലണ്ട്

വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ദമീദും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 135 റണ്‍സിലെത്തിച്ചു. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്.

രണ്ടാം ദിനം തുടക്കത്തില്‍ ഇഷാന്ത് ശര്‍മ നിറം മങ്ങിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുഹ്ഹമദ് ഷമിയും മുഹമ്മദ് സിറാജും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചു.പേസര്‍മാര്‍ക്കെതിരെ മികച്ച പ്രതിരോധവുമായി ബാറ്റ് ചെയ്ത ഹസീബ് ഹമീദിന് ഒടുവില്‍ രവീന്ദ്ര ജഡേജക്ക് മുമ്പില്‍ പിഴച്ചു. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 159 റണ്‍സിലെത്തിയിരുന്നു.

റൂട്ട് തെറ്റാതെ ഇംഗ്ലണ്ട്

രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ ആവേശം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. തല്ലിക്കെടുത്തി. ഏകദിനശൈലിയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത റൂട്ടിന് മലന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡുറപ്പിച്ചു.ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ സിറാജിന്റെ പന്തില്‍ മലന്‍ പുറത്തായി. ലെഗ് സ്റ്റംപില്‍ പോയ പന്ത് റിഷഭ് പന്ത് കൈയിലൊതുക്കിയെങ്കിലും പന്തോ ഇന്ത്യന്‍ ഫീല്‍ഡര്‍മാരോ ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ക്യാച്ചിനായി റിവ്യു എടുക്കാന്‍ മുഹമ്മദ് സിറാജ് നിര്‍ബന്ധിച്ചതോടെ കോല റിവ്യു എടുത്തപ്പോഴാണ് തീരുമാനം ഇന്ത്യക്ക് അനുകൂലമായത്. ചായക്കുശേഷം പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 23-ാമത്തെയും സെഞ്ചുറി കണ്ടെത്തിയ നായകന്‍ ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ചു.

മലനുശേഷം വന്ന ജോണി ബെയര്‍സ്‌റ്റോ(28), ജോസ് ബട്‌ലര്‍(7), മൊയീന്‍ അലി(8), സാം കറന്‍(15) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തില്ലെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ലീഡ് 300 കടന്നിരുന്നു. ഏകദിനശൈലിയില്‍ ബാറ്റ് വീശി 165 പന്തില്‍ 121 റണ്‍സെടുത്ത റൂട്ടിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. വാലറ്റത്ത് ക്രെയ്ഗ് ഓവര്‍ടണിന്റെ വമ്പനടികള്‍ ഇംഗ്ലണ്ടിന്റെ ലീഡ് 350ന് അടുത്തെത്തിച്ചു.മൂന്നാം വിക്കറ്റില്‍ മലന്‍-റൂട്ട് സഖ്യം 139 റണ്‍സടിച്ചു. ഇന്ത്യക്കായി ഷമി മൂന്നും ജഡേജ രണ്ടും സിറാജും ബുമ്രയും ഒരോ വിക്കറ്റുമെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!