അടി തെറ്റാതെ ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ ജയത്തോടെ പരമ്പരയില്‍ ഒപ്പം

By Web TeamFirst Published Mar 26, 2021, 9:31 PM IST
Highlights

സെഞ്ചുറിയുമായി പട നയിച്ച ജോണി ബെയര്‍സ്റ്റോയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ വിറപ്പിച്ചശേഷം സെഞ്ചുറിക്ക് ഒരു റണ്‍സകലെ വീണ ബെന്‍ സ്റ്റോക്സും തുടക്കം ഗംഭീരമാക്കിയ ജേസണ്‍ റോയിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയമൊരുക്കിയത്.

പുനെ: ഇന്ത്യയുടെ വമ്പന്‍ സ്കോറിന് മുന്നില്‍ അടിപതറാതെ മുന്നേറിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഇന്ത്യക്കൊപ്പം. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്‍റെ വിജയലക്ഷ്യം 39 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് അനായാസം മറികടന്നു.

സെഞ്ചുറിയുമായി പട നയിച്ച ജോണി ബെയര്‍സ്റ്റോയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ വിറപ്പിച്ചശേഷം സെഞ്ചുറിക്ക് ഒരു റണ്‍സകലെ വീണ ബെന്‍ സ്റ്റോക്സും തുടക്കം ഗംഭീരമാക്കിയ ജേസണ്‍ റോയിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയമൊരുക്കിയത്. ബെയര്‍ സ്റ്റോ-സ്റ്റോക്സ് സഖ്യം രണ്ടാ വിക്കറ്റില്‍ 20 ഓവറില്‍ 175 റണ്‍സടിച്ചാണ് ഇംഗ്ലണ്ടിനെ അനായാസം ജയത്തിലെത്തിച്ചത്. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 336/6,ഇംഗ്ലണ്ട് ഓവറില്‍ 43.3 ഓവറില്‍ 3374.

അടിയുടെ പൊടിപൂരം

ഓപ്പണിംഗ് വിക്കറ്റില്‍ ജേസണ്‍ റോയിയും(52 പന്തില്‍ 55) ജോണി ബെയര്‍സ്റ്റോയും(112 പന്തില്‍ 124) സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയപ്പോഴെ ഇന്ത്യ അപകടം മണത്തിരുന്നു. എന്നാല്‍ ജേസണ്‍ റോയ് ബെയര്‍സ്റ്റോയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായശേഷമായിരുന്നു ഇന്ത്യ പേടിച്ചത് സംഭവിച്ചത്. പതുക്കെ തുടങ്ങിയ സ്റ്റോക്സ് സ്പിന്നര്‍മാരെ നിലം തൊടീക്കാതെ പറത്തിയതോടെ ഇന്ത്യയുടെ പിടി അ‌യഞ്ഞു.

കുല്‍ദീപ് യാദവിനെയും ക്രുനാല്‍ പാണ്ഡ്യയെയുമാണ് സ്റ്റോക്സ് തെര‍ഞ്ഞെുപിടിച്ച് ശിക്ഷിച്ചത്. മത്സരത്തിന്‍റെ 32 മുതല്‍ 35 വരെയുള്ള ഓവറുകളില്‍ 87 റണ്‍സാണ് സ്റ്റോക്സും ബെയര്‍സ്റ്റോയും ചേര്‍ന്ന് അടിച്ചെടുത്തത്. 32-ാം ഓവറില്‍ 218 റണ്‍സായിരുന്നു ഇംഗ്ലണ്ട് സ്കോറെങ്കില്‍ 35ാം ഓവര്‍ കഴിഞ്ഞപ്പോള്‍ അത് റോക്കറ്റ് വേഗത്തില്‍ കുതിച്ച് 281ല്‍ എത്തി.

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് സ്റ്റോക്സ്

കുല്‍ദീപ് യാദവ് എറിഞ്ഞ 33ാം ഓവറില്‍ മൂന്ന് സിക്സ് അടക്കം 20 റണ്‍സും ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ 34-ാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 28 റണ്‍സും പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35-ാം ഓവറില്‍ 15 റണ്‍സും സ്റ്റോക്സും ബെയര്‍സ്റ്റോയും ചേര്‍ന്ന് അടിച്ചു കൂട്ടി. 32ാം ഓവര്‍ കഴിയുമ്പോള്‍ 40 പന്തില്‍ 50 റണ്‍സായിരുന്നു ബെന്‍ സ്റ്റോക്സ്. അടുത്ത 12 പന്തില്‍ അടിച്ചെടുത്ത് 49 റണ്‍സായിരുന്നു.

ഒടുവില്‍ 52 പന്തില്‍ 99 റണ്‍സെടുത്ത സ്റ്റോക്സിനെ ബൗണ്‍സറില്‍ ഭുവനേശ്വര്‍ കുമാറാണ് മടക്കിയത്. സ്റ്റോക്സ് പോയതിന് പിന്നാലെ ബെയര്‍സ്റ്റോയെ(124)യും ജോസ് ബട്‌ലറെയും(0) ഒരോവറില്‍ മടക്കി പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലണ്ട് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ഡേവിഡ‍് മലനും(16*), ലിയാം ലിവിംഗ്സ്റ്റണും(21 പന്തില്‍ 27*) ചേര്‍ന്ന് വലിയ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലണ്ടിനെ വിജയവര കടത്തുകയും ചെയ്തു.

ഇന്ത്യക്കായി ക്രുനാല്‍ പാണ്ഡ്യ ആറോവറില്‍ 72 റണ്‍സ് വഴങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് 10 ഓവറില്‍ 84 റണ്‍സ് വിട്ടുകൊടുത്തു. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 7.3 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ 10 ഓവറില്‍ 58 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും 10 ഓവറില്‍ 63 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ കുമാറും മാത്രുമാണ് കാര്യമായ അടികൊള്ളാതെ രക്ഷപ്പെട്ടത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സെഞ്ചുറിയുമായി കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികളുമായി റിഷഭ് പന്തും വിരാട് കോലിയും തകര്‍ത്താടി.108 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 40 പന്തില്‍ 77 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 79 പന്തില്‍ 66 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ടോം കറന്‍ രണ്ട് വിക്കറ്റെടുത്തു.

click me!