
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ് കളി തുടങ്ങുക. പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മൊട്ടേറ സ്റ്റേഡിയത്തിൽ മുഖാമുഖമെത്തുന്നത്. മൂന്നാം ടെസ്റ്റിൽ അക്‌സർ പട്ടേലും ആർ അശ്വിനും വിക്കറ്റ് കൊയ്‌ത്ത് നടത്തിയപ്പോൾ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം സ്വന്തമാക്കാൻ രണ്ടുദിവസം മുഴുവൻ വേണ്ടി വന്നില്ല. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് അരികെ എത്തുകയും ചെയ്തു.
നാലാം ടെസ്റ്റ് തോൽക്കാതിരുന്നാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ പോരാട്ടത്തിനിറങ്ങാം എന്നതാണ് ഇന്ത്യക്ക് മുന്നിലെ സാധ്യത. വിജയവും സമനിലയും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള ടിക്കറ്റ് നൽകും. മൂന്നാം ടെസ്റ്റിലെ തോൽവിയോടെ ഇംഗ്ലണ്ടിന്‍റെ ഫൈനൽ സാധ്യത അവസാനിച്ചിരുന്നു. ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയാൽ ഓസ്ട്രേലിയക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപോരാട്ടത്തിനുള്ള വാതിൽ തുറക്കും.
ഏറെ വിമർശനം ഉയർന്നെങ്കിലും മൊട്ടേറയിലെ രണ്ടാം ടെസ്റ്റിലും സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും തയ്യാറാക്കുക. വ്യക്തിപരമായ കാരണങ്ങളാൽ ടീം വിട്ട ജസ്പ്രീത് ബുമ്രക്ക് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തിയേക്കും. ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. റൊട്ടേഷൻ രീതി തുടരുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റം ഉറപ്പാണ്. ജാക് ലീച്ചിനൊപ്പം സ്‌പിന്നർ ഡോം ബെസ്സ് ടീമിലെത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!