
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ബാറ്റ്സ്‌മാൻമാർ കൂടുതൽ കരുതലോടെ കളിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്നിംഗ്സിന്റെ തുടക്കം നിർണായകമാവുമെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായി ഇന്ന് ആരംഭിക്കാനിരിക്കേയാണ് ഇരു ക്യാപ്റ്റന്‍മാരുടേയും പ്രതികരണം.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറയില്‍ പിങ്ക് പന്തിലെ പോരിനിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും അത്ര നല്ല ഓർമ്മകളല്ല കൂട്ടിനുള്ളത്. അവസാനം കളിച്ച ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യ അഡലെയ്ഡിൽ ഓസ്‌ട്രേലിയക്കെതിരെ വെറും 36 റൺസിനും ഇംഗ്ലണ്ട് ഓക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെ 58 റൺസിനും പുറത്തായി. ഇതുകൊണ്ടുതന്നെ രാത്രിയും പകലുമായി കളിക്കുമ്പോൾ ബാറ്റ്സ്‌മാൻമാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് വിരാട് കോലി വ്യക്തമാക്കി. ആദ്യ ഓവറുകളാണ് കളിയുടെ ഗതി നിശ്ചയിക്കുകയെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് വിലയിരുത്തുന്നു.
പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പില്‍ വ്യത്യാസമുണ്ടാകില്ല. എന്നാല്‍ പിങ്ക് പന്തിന്‍റെ ആനുകൂല്യം മുതലാക്കന്‍ മൂന്ന് പേസര്‍മാര്‍ക്ക് അവസരം നല്‍കിയേക്കും. നൂറാം ടെസ്റ്റിനിറങ്ങുന്ന പേസര്‍ ഇശാന്ത് ശർമ്മയ്‌ക്കൊപ്പം ജസ്പ്രീത് ബുമ്ര തിരിച്ചെത്തും. ആർ അശ്വിനും അക്സർ പട്ടേലുമായിരിക്കും സ്‌പിന്നർമാർ. കുൽദീപ് യാദവിന് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തും.
അതിശക്തമായ പേസ് നിരയുമായാവും ഇംഗ്ലണ്ടും ഇറങ്ങുക. ജയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ എന്നിവര്‍ തിരിച്ചെത്തും. ഒരു സ്‌പിന്നറെയാണ് കളിപ്പിക്കുന്നത് എങ്കില്‍ ക്രിസ് വോക്‌സിന് കൂടി അവസരം തെളിയും. ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. പരമ്പര 2-1നോ 3-1നോ നേടിയാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ.
പിങ്ക് പന്തിലെ അങ്കം തുടങ്ങുന്നു; ജയിക്കാനുറച്ച് ടീം ഇന്ത്യ, ചരിത്രം കുറിക്കാന്‍ ഇശാന്ത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!